തൊടുപുഴ: ഉണ്ണിയീശോ പിറന്ന പുൽക്കൂടുപോലെയായിരുന്നു, ഓലമേഞ്ഞുണ്ടാക്കിയ ആ ചാപ്പൽ. കോടതിയുത്തരവിനെത്തുടർന്ന് കണ്ണീരോടെ പടിയിറങ്ങിയവരെല്ലാം അതിനുള്ളിൽ ഒത്തുകൂടി, പ്രാർഥിച്ചു. പന്നൂർ സെന്റ് ജോൺസ് പള്ളിയിൽനിന്ന് പടിയിറങ്ങിയ യാക്കോബായ വിശ്വാസികളാണ്, പുതിയ സ്ഥലത്ത് ഓലമേഞ്ഞുണ്ടാക്കിയ താത്കാലികചാപ്പൽ കൂദാശനടത്തി കുർബാനകൂടിയത്.

ഇവിടെ പുതുതായി പണിയാൻപോകുന്ന പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ ശിലാസ്ഥാപനകർമവും നിർവഹിച്ചു. പന്നൂർ പള്ളിയുടെ കിഴക്കുവശത്തുള്ള 70 സെന്റ് സ്ഥലത്താണ് പുതിയ ചാപ്പൽ പണിയുന്നത്. ഇതിന്‌ മുന്നോടിയായാണ് ഇവിടെ താത്കാലികചാപ്പൽ നിർമിച്ചത്. ഇതിന്റെ കൂദാശാകർമം കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്താ ഡോ.മാത്യൂസ് മാർ ഇവാനിയോസ് നിർവഹിച്ചു. തുടർന്ന് നടന്ന കുർബാനയ്ക്കും അദ്ദേഹം കാർമികത്വംവഹിച്ചു. പള്ളിവികാരി ഫാ.ബേസിൽ ഞാനമറ്റത്തിൽ സഹകാർമികനായി.

content highlights: jacobite pannoor st.john's church