മസ്കറ്റ്: കേരളത്തിലെ പള്ളികളിൽനിന്ന് ആട്ടിയിറക്കപ്പെട്ട യാക്കോബായ വിശ്വാസികളുടെ സങ്കടം തീർക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കാനുള്ള ആകമാന സുറിയാനി സഭയുടെ സുന്നഹദോസ്, മസ്കറ്റ് ഗാലാ മർത്തശ്മൂനി പള്ളിയിൽ ആരംഭിച്ചു.
കേരളത്തിലെ സഭാമക്കൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. മസ്കറ്റിലെത്തിയ ബാവായെ വിശ്വാസികൾ സ്വീകരിച്ചു. വൈകീട്ടോടെ ആരംഭിച്ച സുന്നഹദോസ് വെള്ളിയാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം തുടരും. വൈകീട്ട് അഞ്ചരയ്ക്ക് ബാവാ തീരുമാനങ്ങൾ അറിയിക്കുന്നതിനായി മാധ്യമങ്ങളെ കാണും.
സഭാംഗങ്ങളുടെ ത്യാഗം വാക്കുകള്‍ക്കതീതം -പാത്രിയര്‍ക്കീസ് ബാവാ
മസ്‌കറ്റ്: സത്യവിശ്വാസത്തിനുവേണ്ടി നിലകൊള്ളാന്‍ സഭാംഗങ്ങള്‍ അനുഭവിക്കുന്ന ത്യാഗം വാക്കുകള്‍ക്കതീതമെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. ആകമാന സുറിയാനി സഭയുടെ സുന്നഹദോസ് മസ്‌കറ്റില്‍ ആരംഭിച്ച വേളയിലാണ് ബാവാ ഇതു പറഞ്ഞത്.
ഐക്യത്തോടും ദൈവാശ്രയത്തോടുംകൂടി ഈ പ്രതിസന്ധി തരണംചെയ്യാന്‍ മലങ്കരയിലെ സഭയ്ക്ക് ശക്തിനല്‍കണേയെന്ന് പ്രാര്‍ഥിക്കുന്നു. സഭയുടെ പള്ളികളും സെമിത്തേരികളും നഷ്ടപ്പെട്ട് വിശ്വാസികള്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ നിയമപരമായും സര്‍ക്കാരിന്റെയും ഇതര ക്രൈസ്തവ സഭകളുടെയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവരുടെയും സഹകരണത്തോടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സമവായ ചര്‍ച്ചയാകാമെന്ന സുപ്രീംകോടതിവിധി സഭാമക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. സര്‍ക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ ശ്ലാഘിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിശ്വാസികളുടെ പ്രതീക്ഷ
സഭാതര്‍ക്കത്തില്‍ യാക്കോബായ സഭയുടെ കാഴ്ചപ്പാട് ഈ സുന്നഹദോസോടെ വ്യക്തമാക്കപ്പെടും. സഭ ഇനി മുന്നോട്ട് എന്തുനിലപാട് സ്വീകരിക്കണമെന്നു തീരുമാനിക്കും. ഒരു പരിഹാരം ഇതില്‍നിന്ന് ഉണ്ടായിവരും. പുതുതായി സ്ഥാപിച്ച പള്ളികളെ സംബന്ധിച്ച് ഇടവകക്കാര്‍ എടുക്കേണ്ട നിലപാട് എന്തായിരിക്കണമെന്നും സുന്നഹദോസ് ചര്‍ച്ചചെയ്യും.
ഓര്‍ത്തഡോക്‌സ് വിഭാഗവുമായിട്ടുള്ള ആത്മീയ ബന്ധത്തെ സുന്നഹദോസ് വിലയിരുത്തും. എക്യുമെനിക്കല്‍ രംഗത്ത് ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സഹകരണത്തെ സംബന്ധിച്ചും സുന്നഹദോസ് വ്യക്തമായ തീരുമാനമെടുക്കും.
സുന്നഹദോസില്‍ ഇവര്‍
സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ അലക്സാണ്ട്രിയോസ് തോമസ്, മാര്‍ ആന്തോണിയോസ് യാക്കോബ്, മാര്‍ ക്ലീമിസ് കുര്യാക്കോസ്, മാര്‍ കൂറിലോസ് ഗീവര്‍ഗീസ്, മാര്‍ ഐറോനിയസ് പൗലോസ്, മാര്‍ ഇവാനിയസ് മാത്യൂസ്, മാര്‍ ജൂലിയസ് ആലിയാസ് തുടങ്ങിയവരും ക്നാനായ ബിഷപ്പുമാരായ മാര്‍ ഗ്രിഗോറിയസ് കുര്യാക്കോസ്, മാര്‍ ഇവാനിയസ് കുര്യാക്കോസ്, മാര്‍ സില്‍വാനസ് ആയൂബ് (യു.എസ്.എ.), ലബനനില്‍നിന്നുള്ള മാര്‍ മാതാ അല്‍ ഖൗറി, മാര്‍ ഡാനിയല്‍ ക്ലെമിസ്, മാര്‍ ദാവൂദ് ശറഫ് സമാന്‍ തുടങ്ങിയവരും ബാവായുടെ സെക്രട്ടറിമാരായ റെവ. ജോസഫ് ബാലി, ഫാ. ജോഷി സി. അബ്രഹാം തുടങ്ങിയവരും പങ്കെടുക്കുന്നു.
content highlights: jacobite church sunhados