കോട്ടയം: സുപ്രീംകോടതി വിധിയെത്തുടർന്ന് പള്ളികൾ ഒാർത്തഡോക്സ് വിഭാഗം ഏറ്റെടുക്കുന്നത് തടയാൻ, നഷ്ടപ്പെട്ട പള്ളികളിൽ ഇടവകാംഗത്വം നിലനിർത്തി അന്ത്യോഖ്യാ വിശ്വാസം സംരക്ഷിക്കാനൊരുങ്ങി യാക്കോബായ സുറിയാനി സഭ. പൂർവപിതാക്കൾ പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും കോടതിവിധിയുടെ മറവിൽ ഒാർത്തഡോക്സ് വിഭാഗം തട്ടിയെടുക്കുന്നെന്നും ഇത് തടയണമെന്നുമുള്ള വിശ്വാസികളുടെ പൊതുവികാരത്തെത്തുടർന്നാണ് ഇടവക അംഗത്വം നിലനിർത്താനുള്ള തീരുമാനം.

അന്ത്യോഖ്യാ വിശ്വാസം മുറുകെപ്പിടിച്ച് കാലംചെയ്ത പിതാക്കൻമാരുടെ കബറിടങ്ങൾ പല പള്ളികളിലുമുണ്ട്. കോടതി ഉത്തരവിലൂടെ, പള്ളികൾ ഒാർത്തഡോക്സ്‌ വിഭാഗം ഏറ്റെടുക്കുമ്പോൾ ഈ കബറിടങ്ങളും യാക്കോബായ വിശ്വാസികൾക്ക് നഷ്ടപ്പെടുകയാണ്. ആത്മീയ പിതാക്കൻമാരുടെ കബറിടങ്ങളിൽ പ്രാർഥനയ്ക്കുള്ള അവകാശംപോലും നിഷേധിക്കുന്ന അവസ്ഥയാണ് പല പള്ളികളിലുമെന്ന് യാേക്കാബായ വിഭാഗം പറയുന്നു.

പൂർവപിതാക്കൻമാർ അന്ത്യവിശ്രമംകൊള്ളുന്ന സെമിത്തേരികൾ ഉൾപ്പെടുന്ന പള്ളികൾ നഷ്ടപ്പെട്ടതോടെ ആണ്ടുകുർബാന നടത്തുന്നതിനുപോലും കഴിയാത്ത സാഹചര്യമാണ്, പള്ളികൾ നിലനിർത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് സഭാ നേതൃത്വംതന്നെ വ്യക്തമാക്കുന്നു.

വടക്കൻ മേഖലകളിൽ യാക്കോബായ വിശ്വാസികൾ കോടതി വിധിയെത്തുടർന്ന്, നൂറ്റാണ്ടുകളായി ആരാധന നടത്തിവന്ന പള്ളികൾ ഉപേക്ഷിച്ച് പുതിയ പള്ളികൾ പണിതു. പലയിടത്തും പുതിയ പള്ളികളുടെ പണികൾ നടക്കുകയുമാണ്. പള്ളികൾ ഇടവകക്കാരുടേതാണെന്നതും യാക്കോബായ വിശ്വാസികളെ ഇറക്കിവിടാൻ കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ലെന്നതും പള്ളികൾ നിലനിർത്താനുള്ള നീക്കത്തിന് കരുത്തേകുമെന്നാണ് വിശ്വാസികളുടെ കണക്കുകൂട്ടൽ.

കോട്ടയം സെൻറ് ജോസഫ് കത്തീഡ്രലിൽ, കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് പുതിയ നീക്കത്തിന് തീരുമാനമെടുത്തത്. യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.