തിരുവനന്തപുരം: യാക്കോബായ സഭ ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റുപടിക്കൽ നടത്തിവന്ന സഹനസമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സഭാ പ്രതിനിധികൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

മലങ്കര സഭാവിശ്വാസികൾക്ക് ഓർത്തഡോക്സ്-യാക്കോബായ ഭേദമില്ലാതെ ശവസംസ്കാരത്തിനുള്ള അവസരം ഒരുക്കണമെന്ന് പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കട്ടച്ചിറ പള്ളിയിലെ ബോർഡും യാക്കോബായ സഭയുടെ സമരപ്പന്തലും തകർത്തവർക്കെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നും ചർച്ചയിൽ ആവശ്യമുന്നയിച്ചു. സഭയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ അലക്സന്ത്രയോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.

കട്ടച്ചിറയിൽ 38 ദിവസമായി ഭർത്താവിന്റെ കല്ലറയിൽ സംസ്കരിക്കാൻ കഴിയാതെ സൂക്ഷിച്ചിരുന്ന മറിയാമ്മാ രാജന്റെ മൃതദേഹം ഇടവക പള്ളിയിൽ സംസ്കരിച്ചു. നവംബർ അഞ്ചിനാണ് യാക്കോബായ സഭ സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയത്.

സഭ നേരിടുന്ന നീതിനിഷേധവും വിശ്വാസികളുടെ ശവസംസ്കാരത്തിനു നേർക്ക് ഓർത്തഡോക്സ് വിഭാഗത്തിന്റെ അനാദരവും ചൂണ്ടിക്കാട്ടി മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാെപ്പാലീത്തയുടെ നേതൃത്വത്തിലായിരുന്നു സമരം.

സമാപനസമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. സഭയ്ക്കെതിരേ നീതിനിഷേധം തുടർന്നാൽ ശക്തമായ സമരപരിപാടികൾ വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. യോഗത്തിൽ സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, മിഖായേൽ റമ്പാൻ, ഷാജി ചൂണ്ടയിൽ, കെ.ഒ.ഏലിയാസ്, പ്രൊഫ. സി.എ.നൈനാൻ, ഫാ. റോയി ജോർജ്, ഫാ. ജോൺ ഐപ്പ്, ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. സക്കറിയ കളരിക്കാട്, ഫാ. തോമസ് പൂതിയോട്ട്, സമരസമിതി ജനറൽ കൺവീനർ ഡീക്കൻ തോമസ് കയ്യത്ര, ഡീക്കൻ ലിബിൻ ജോർജ് തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.

കട്ടച്ചിറയിൽ ഓർത്തഡോക്സ് വിഭാഗം കഴിഞ്ഞദിവസം നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പ്രതിഷേധപ്രകടനം നടത്തും.

content highlights: jacobite church ends sahanasamaram