കൊട്ടാരക്കര (കൊല്ലം) : അൻപതടിയോളം ഉയരമുള്ള തേൻവരിക്കപ്ലാവുകളിലേക്ക് നടന്നുകയറി ചക്കയിടുന്നത് കാണണമെങ്കിൽ തൃക്കണ്ണമംഗലിലേക്ക് വരിക. ഇവിടെ ജോണി ചെക്കാലയുടെ വീട്ടിൽ പോയാൽ വിശേഷപ്പെട്ട ഈ കാഴ്ചകാണാം. വീട്ടുമുറ്റത്തുനിന്ന് പ്ലാവിൻമുകളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കുപോലും നടന്നുകയറാം. പറമ്പിലെ അഞ്ചു തേൻവരിക്കപ്ലാവിനെയും കോർത്തിണക്കി നടപ്പാലം പണിതിരിക്കുകയാണ് ജോണി.

പ്ലാവിന്റെ ഏറ്റവുമുയരത്തിൽ ഉണ്ടാകുന്ന തേൻവരിക്കപോലും പാലത്തിൽനിന്ന് പറിച്ചെടുക്കാം. അഞ്ചാംപ്ലാവിനുമുകളിൽ കാവൽമാടം പോലെയുള്ള നിർമിതിയുമുണ്ട്. വേനൽക്കാലത്ത് വിശ്രമിക്കാനും വേണമെങ്കിൽ പ്രാർഥിക്കാനുമുള്ള ഇടം. പാലം ഇവിടം കൊണ്ടുനിർത്താൻ ജോണിക്ക് ഉദ്ദേശ്യമില്ല. പറമ്പിലുള്ള മറ്റു തേൻവരിക്ക പ്ലാവുകളിലേക്കും നീട്ടാനാണ് താത്പര്യം.

സർക്കാർ സർവീസിൽ എൻജിനിയറായിരുന്ന ജോണി വിവിധയിടങ്ങളിലെ നിർമാണ അവശിഷ്ടങ്ങളായ കമ്പികളുപയോഗിച്ചാണ് പാലം നിർമിച്ചത്. വീഴുമെന്ന ഭയംവേണ്ട. ഇരുമ്പ് പൈപ്പുകൊണ്ട് കൈവരിയുണ്ട്. കൂടാതെ, പ്ലാവിന്റെ ചില്ലകളും പാലത്തിനു താങ്ങാണ്. ചിലയിടങ്ങളിൽ സുരക്ഷയ്ക്കായി പ്ലാവിൻ ചില്ലകളിൽ ഇരുമ്പു കൊളുത്തിട്ടു ബലപ്പെടുത്തിയിട്ടുമുണ്ട്.

അഞ്ചാമത്തെ പ്ലാവിലെ ഈ സീസണിലെ അവസാനത്തെ ചക്ക അടർത്തിയത് ജോണിയുടെ ഭാര്യ ലൗലിയാണ്. ഇത്രയും ഉയരമുള്ള പ്ലാവിനുമുകളിൽ കയറി ചക്കയിടാമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു. ചക്കയിടാൻ വന്നിരുന്ന അയൽവാസിയായ ബാലൻ വരാതായതോടെയാണ് ആരെയും ആശ്രയിക്കാതെയുള്ള ബദൽ ആലോചിച്ചതും പാലം പിറന്നതും.

മൂത്തമകന്റെ വിവാഹത്തിനൊപ്പം ഏഴുപെൺകുട്ടികളുടെ വിവാഹത്തിനായി 15 ലക്ഷംരൂപ ജോണി നൽകിയിരുന്നു. ഇളയമകന്റെ വിവാഹത്തിന് അഞ്ചു നിർധനകുടുംബങ്ങൾക്കെങ്കിലും വീടുവെച്ചുനൽകണമെന്ന ആഗ്രഹത്തിലാണ് ജോണി. പറമ്പിലെ ഫലവൃക്ഷക്കൃഷികളിൽ മുഴുകി വിശ്രമജീവിതം ആസ്വദിക്കുകയാണ് ജോണിയും കുടുംബവും.