ആലപ്പുഴ: ചക്കയുടെ ഔഷധമൂല്യത്തെപ്പറ്റി ക്‌ളിനിക്കല്‍ സ്റ്റഡി നടത്താനുള്ള റിപ്പോര്‍ട്ട് 'അപ്രത്യക്ഷമായി'. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാര്‍ ഒരുവര്‍ഷം മുന്പാണ് റിപ്പോര്‍ട്ട് കൃഷിവകുപ്പിന് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് പിന്നീട് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിന് കൈമാറി. തുടര്‍ന്ന് നടപടി ഒന്നുമുണ്ടായില്ല. മെഡിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഇങ്ങനെയൊരു ഫയല്‍ ഉള്ളതായി അറിയില്ലെന്ന് ഡയറക്ടര്‍ ഡോ. റംലാ ബീവി പറഞ്ഞു. ബിജു പ്രഭാകര്‍ ഡയറക്ടറായിരിക്കെയാണ് കൃഷിവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡോ. പദ്മകുമാര്‍ പറഞ്ഞു.

ഔഷധമൂല്യത്തെപ്പറ്റിയുള്ള ആധികാരിക പഠന റിപ്പോര്‍ട്ടു കൂടി പുറത്തുവന്നാലേ ചക്കയുടെ യഥാര്‍ഥ കരുത്ത് ലോകമറിയൂ. പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചക്ക നല്ലതാണെന്ന് പ്രാഥമിക പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് ചക്കയ്ക്കായി നീക്കിവെച്ച അഞ്ചുകോടി രൂപ ക്‌ളിനിക്കല്‍ സ്റ്റഡിക്കും കൂടിയുള്ളതായിരുന്നു. പ്രമേഹരോഗികള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ചക്കയും ധാരാളമുണ്ട്. ഈ സാഹചര്യത്തില്‍ ചക്കയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു.

പഠനം ഒരു വര്‍ഷക്കാലം

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് 200 പ്രമേഹ രോഗികളിലായിരിക്കും പഠനം. അതില്‍ നൂറുപേര്‍ക്ക് രണ്ടാഴ്ച ചക്ക വിഭവങ്ങള്‍ നല്‍കിയും ബാക്കിയുള്ളവര്‍ക്ക് സാധാരണ ഭക്ഷണം നല്‍കിയും നിരീക്ഷിക്കും. ഇതിന്റെ തുടര്‍ച്ചയായി മറ്റു പരിശോധനകളും നടത്തും. നിരീക്ഷണം ഒരു വര്‍ഷം നീളും. 22.95 ലക്ഷം രൂപയാണ് മൊത്തം െചലവ്.
 


ക്‌ളിനിക്കല്‍ സ്റ്റഡിക്ക് മുന്‍കൈയെടുക്കും


ചക്കയുടെ ഔഷധമൂല്യം സംബന്ധിച്ച് ആധികാരികപഠനം നടത്തിക്കാന്‍ മുന്‍കൈയെടുക്കും. നേരത്തേ സമര്‍പ്പിച്ച ക്‌ളിനിക്കല്‍ സ്റ്റഡിയുടെ റിപ്പോര്‍ട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ല. ഇതു സമര്‍പ്പിച്ച ഡോക്ടറുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സഹായിക്കും.

-വി.എസ്. സുനില്‍കുമാര്‍, കൃഷിമന്ത്രി