തൃശ്ശൂർ: സെറിബ്രൽ പാൾസി ബാധിച്ച പത്തുവയസ്സുകാരൻ ഇയാന് കോവിഡ്കാലത്തുണ്ടായ പഠന-പരിശീലന-ചികിത്സാ പരിമിതികൾ മാതാപിതാക്കൾ ഒരു പാഠമായി ഉൾക്കൊണ്ടു. സാന്പത്തികമായി പ്രശ്നങ്ങളില്ലാത്ത തങ്ങളുടെ അവസ്ഥയിതാണെങ്കിൽ നിർധനകുടുംബങ്ങളിലെ ഭിന്നശേഷിക്കാരുടെ അവസ്ഥയെപ്പറ്റി ഇയാന്റെ അച്ഛൻ ഡോ. കെ. അഭിലാഷ് ജോസഫും അമ്മ േറാസ്മിനും ചിന്തിച്ചു. ആ ചിന്തയിൽനിന്നാണ് കോവിഡുകാലത്തുതന്നെ തൃശ്ശൂർ മുതുവറയിൽ ഭിന്നശേഷിക്കാർക്കായി പുനരധിവാസ-ഗവേഷണ സ്ഥാപനം ആരംഭിച്ചത്.

ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ചിൽ‍ ആധുനികരീതിയിലുള്ള പുനരധിവാസ- പഠന-പരിശീലന-ചികിത്സാ സൗകര്യങ്ങളുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള മൾട്ടി സ്പെഷ്യാലിറ്റി കേന്ദ്രമാണിത്. മാനസിക-ശാരീരിക പരിമിതികളുള്ള ഏതുപ്രായത്തിലുള്ളവർക്കും പ്രവേശനമുണ്ട്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് അവരുടെ ശേഷിക്കനുസരിച്ച് പണം നൽകാം. ചോദിച്ചുവാങ്ങില്ല. സേവനം തേടിയെത്തുന്ന ഒരാളെപ്പോലും മടക്കിയയക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഡോ. കെ. അഭിലാഷും ഭാര്യ റോസ്മിനും.

ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള 23 ജീവനക്കാരിൽ പലരും ഭിന്നശേഷിക്കാരാണ്. ഭിന്നശേഷിക്കാരെ സാധാരണ പൗരന്മാരെപ്പോലെ വളർത്തിയെടുത്ത് അവർക്ക് സ്വന്തമായി വരുമാനമുണ്ടാക്കാനാകുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. രണ്ടാമത്തെ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് ആലത്തൂരിൽ ആരംഭിക്കാനൊരുങ്ങുകയാണ്. എല്ലാ ജില്ലകളിലും ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടും ഭിന്നശേഷിക്കാർക്ക് ഉടമസ്ഥ-തൊഴിൽ പങ്കാളിത്തമുള്ള 1,000 സൂപ്പർമാർക്കറ്റുമാണ് ദമ്പതിമാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ 10,000 ഭിന്നശേഷിക്കാർക്ക് പ്രതിമാസം ചുരുങ്ങിയത് 10,000 രൂപവീതം കിട്ടുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ബന്ധുക്കളുടെയും സർക്കാറിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് തൃശ്ശൂർ പുറനാട്ടുകര സ്വദേശികളായ ഇവരുടെ വിശ്വാസം.