കൊച്ചി: അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്‌പ്ളാന്റിന് അപേക്ഷനൽകുന്ന ഒാരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാൻസ്‌പ്ളാന്റിന്‌ അനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വൃക്കരോഗികൾക്കായി വൃക്കകൈമാറാൻ അനുമതിതേടി നൽകിയ അപേക്ഷ ഒാതറൈസേഷൻ കമ്മിറ്റി തള്ളിയതിനെതിരേ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.

വൃക്ക നൽകാൻ തയ്യാറാകുമ്പോഴും രക്തഗ്രൂപ്പ് ചേരാതെ വരുമ്പോഴാണ് സമാനപ്രശ്നങ്ങൾ നേരിടുന്നവരുമായി കൈമാറ്റത്തിന് (സ്വാപ് ട്രാൻസ്‌പ്ളാന്റ്) അനുമതിതേടുന്നത്. ഇത്തരത്തിൽ നൽകിയ അപേക്ഷ തള്ളിയതിനെതിരേ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യാപിതാവും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലീം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

മൊയ്തീൻകുട്ടിക്കും സലീമിനും അടിയന്തരമായി വൃക്കമാറ്റിവെക്കണം. ഉമ്മർ ഫാറൂഖും ജമീലയും ഇവർക്ക് വൃക്ക ദാനംചെയ്യാൻ തയ്യാറാണെങ്കിലും രക്തഗ്രൂപ്പു ചേരാത്തതിനാൽ സാധ്യമായില്ല. ഇൗ സാഹചര്യത്തിലാണ് ഹർജിക്കാർ പരസ്പരം ദാതാക്കളെവെച്ചു മാറിയുള്ള സ്വാപ് ട്രാൻസ്‌പ്ളാന്റ് എന്ന രീതിക്ക് അനുമതിതേടി സമിതിക്ക് അപേക്ഷനൽകിയത്. സലീമിന്റെ ഭാര്യയെന്നനിലയിൽ ജമീല അടുത്തബന്ധുവാണെങ്കിലും മൊയ്തീൻകുട്ടിയുടെ അടുത്തബന്ധുവായി ഉമ്മർ ഫാറൂഖിനെ കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഒാതറൈസേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചത്. ഈ തീരുമാനമാണ് കോടതിയിൽ ചോദ്യംചെയ്തത്.

അവയവദാനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള നിയമത്തിലെ സെക്ഷൻ ഒമ്പത് (മൂന്ന്) പ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവുമെന്നതിനാൽ സ്വാപ് ട്രാൻസ്‌പ്ളാന്റിന്‌ അടുത്ത ബന്ധുക്കൾതന്നെ വേണമെന്നു പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. അടുത്തബന്ധുക്കൾ ഉൾപ്പെട്ട സ്വാപ് ട്രാൻസ്‌പ്ളാന്റിനേ അനുവാദം നൽകാനാകൂ എന്ന 2018 ഫെബ്രുവരി 15-ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

അവയവദാനത്തിലെ വാണിജ്യതാത്പര്യങ്ങൾ തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിയമം കൊണ്ടുവന്നത്. സമിതി ഇക്കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. ഹർജിക്കാരുടെ അപേക്ഷ എത്രയും വേഗം പരിഗണിച്ച്‌ തീരുമാനമെടുക്കാൻ സമിതിക്ക് കോടതി നിർദേശം നൽകി.