കോയമ്പത്തൂർ/കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും സ്ഫോടനംനടത്താൻ യുവാക്കളെ ആകർഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചവരെ ചുറ്റിപ്പറ്റി കോയമ്പത്തൂരിൽ ഏഴിടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) റെയ്ഡ്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) കോയമ്പത്തൂർ ഘടകത്തിലേതെന്നു സംശയിക്കുന്ന ആറുപേർക്കെതിരേ കേസെടുത്തു. യോഗങ്ങൾക്ക് നേതൃത്വം നൽകിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ (32) ആണ്‌ അറസ്റ്റിലായത്. ശ്രീലങ്കയിൽ ഈസ്റ്റർദിനത്തിലുണ്ടായ സ്ഫോടനപരന്പരയുടെ ബുദ്ധികേന്ദ്രമായിരുന്ന സഹ്റാൻ ഹാഷിമുമായി ഇവർക്ക് ബന്ധമുണ്ട്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഐ.എസ്. പ്രവർത്തനവുമായി ബന്ധപ്പെട്ട് മേയ് 30-ന് എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബുധനാഴ്ച രാവിലെ മുതൽ കോയമ്പത്തൂരിൽ പരിശോധന തുടങ്ങിയത്. ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിൻ ഷാ (28), പോത്തന്നൂർ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കർ (29), ഉമ്മർ നഗറിലെ സദ്ദാം ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇവരോട് വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്.

കേരളത്തിലും തമിഴ്‌നാട്ടിലും സ്ഫോടനങ്ങൾ നടത്താൻ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെന്ന് എൻ.ഐ.എ. വ്യക്തമാക്കി. സംഘത്തലവനായ മുഹമ്മദ് അസ്ഹറുദ്ദീൻ ഖിലാഫജി എഫ്.എക്‌സ്. എന്ന പേരിൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ശ്രീലങ്കൻ ചാവേർ സഹ്‌റാൻ ഹാഷിം ഫെസ്ബുക്ക് സുഹൃത്തുമാണ്.

സംഘത്തിലെ മിക്കവരും സഹ്റാനുമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന കാസർകോട്ടെ കേസിൽ അറസ്റ്റിലായ റിയാസ് അബൂബക്കറുമായി ഷാഹിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ട്. ഇവർ പലതവണ യോഗം ചേർന്നതായും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ്. കോയമ്പത്തൂർ ഘടകവുമായി ബന്ധപ്പെട്ട മലയാളികൾക്കായും അന്വേഷണംനടക്കുന്നു. ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് ഐ.എസ്. കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻ.ഐ.എ.ക്ക് വിവരം ലഭിച്ചത്.

റെയിൽ 300 എയർഗൺ വെടിയുണ്ടകൾ, ഒരു കഠാര, ഇലക്‌ട്രിക് ബാറ്റൺ, 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡ്, 10 പെൻഡ്രൈവ്, മൂന്ന് ലാപ്ടോപ്പ്, ആറ്് മെമ്മറി കാർഡ്, നാല് ഹാർഡ് ഡിസ്ക്, ഒട്ടേറെ രേഖകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തു. ഡിവൈ.എസ്.പി. റാങ്കിലുള്ള ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 30 അംഗ സംഘമാണ് പരിശോധനയ്ക്കു നേതൃത്വംനൽകിയത്.

Content Highlights: isis plans to do bomb blast in kerala, nia raids in coimbatore