കോയമ്പത്തൂർ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന് കോയമ്പത്തൂരിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എൻ.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ചത്തെ എൻ.ഐ.എ. റെയ്ഡിനുപിന്നാലെ കോയമ്പത്തൂരിൽ പോലീസിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ വീണ്ടും പരിശോധന നടന്നു. ജൂൺ 26 വരെ കോയമ്പത്തൂർ നഗരത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എൻ.ഐ.എ. കേസെടുത്ത ഉക്കടം സ്വദേശികളായ ഷെയ്ഖ് ഹിദായത്തുള്ള (38), ഷാഹിൻ ഷാ (28), പോത്തന്നൂർ തിരുമറൈ നഗറിലെ അക്രം സിന്ധ (26), കുനിയമുത്തൂരിലെ എം. അബൂബക്കർ (29), ഉമ്മർ നഗറിലെ സദ്ദാം ഹുസൈൻ (26) എന്നിവർ വ്യാഴാഴ്ച കൊച്ചിയിൽ എൻ.ഐ.എ. ഉദ്യോഗസ്ഥർക്കുമുമ്പാകെ ഹാജരായി.

ഉക്കടം, കരിമ്പുകടൈ, വിൻസന്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച പുലർച്ചെ പോലീസ് പരിശോധന. കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനം നടത്താൻ യുവാക്കളെ ആകർഷിക്കുന്നരീതിയിൽ പ്രവർത്തനങ്ങൾ നടത്തിയെന്ന പേരിൽ അസ്ഹറുദ്ദീൻ ഉൾപ്പെടെ ആറുപേർക്കെതിരേ ബുധനാഴ്ചയാണ് എൻ.ഐ.എ. കേസെടുത്തത്. ഇവരുമായി ബന്ധമുള്ള ഉക്കടം സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഷാജഹാൻ, കരിമ്പുക്കടൈ സ്വദേശി ഷെയ്ഖ് സഫിയുള്ള എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസും റവന്യൂ അധികൃതരും പരിശോധിച്ചത്. ഇവരും ഐ.എസ്. അനുകൂലികളാണെന്ന് പോലീസ് പറയുന്നു.

ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ സഹ്‌റാൻ ഹാഷിമിന്റെ അനുകൂലികളാണെന്നും സ്ഫോടനത്തെ ഇവർ പുകഴ്ത്തിയെന്നും പറയുന്നു. സാമൂഹികമാധ്യമങ്ങളിൽ ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണെന്നും കോയമ്പത്തൂരിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്നും പോലീസ് പറയുന്നുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമപ്രകാരം മൂന്നുപേർക്കെതിരേയും പോത്തന്നൂർ പോലീസ് കേസെടുത്തു. ഇതോടെ എൻ.ഐ.എ.യും പോലീസും ചേർന്ന് കേസെടുത്തവരുടെ എണ്ണം ഒമ്പതായി.

വ്യാഴാഴ്ചത്തെ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്കുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ, വിവിധ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. മൂന്നുപേരിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എൻ.ഐ.എ. കഴിഞ്ഞ ദിവസം കേസെടുത്ത അഞ്ചുപേരെയും മുഹമ്മദ് അസറുദ്ദീനൊപ്പം ചോദ്യംചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

എൻ.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്പത്തൂർ നഗരത്തിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല.

കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകൾ വിതരണംചെയ്യുന്നതും പോസ്റ്റർ പതിക്കുന്നതും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും തടഞ്ഞു. കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ സുമിത് ശരൺ ആണ് ഉത്തരവിറക്കിയത്.

നിയന്ത്രണത്തിൽ ഇളവുവേണ്ടവർ അഞ്ചുദിവസംമുമ്പ് പോലീസിന് അപേക്ഷ നൽകണം. അംഗീകൃത ആരാധനാലയങ്ങൾക്കും വിവാഹം, ശവസംസ്കാരം, മതപരമായ മറ്റു ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല.

Content Highlights: isis case; police raid in coimbatore