കോയമ്പത്തൂർ: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) എടുത്തകേസിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിനായി കഴിഞ്ഞദിവസം ഹാജരായ സൗത്ത് ഉക്കടം സ്വദേശി ഷെയ്ഖ് ഹിദായത്തുള്ള (38) യെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.

തമിഴ്‌നാട് പോലീസ് എടുത്ത മറ്റൊരു കേസിൽ ഉക്കടം സ്വദേശികളായ മൂഹമ്മദ് ഹുസൈൻ, ഷാജഹാൻ, കരിമ്പുകടൈ സ്വദേശി ഷേഖ് സഫിയുള്ള എന്നിവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തിട്ടുണ്ട്.

ഹിദായത്തുള്ളയെ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്നും എൻ.ഐ.എ. അറിയിച്ചു. ഇയാൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്. ഉക്കടത്തും സമീപ പ്രദേശങ്ങളിലുമുള്ള മൂന്നു പേരെക്കൂടി ചോദ്യം ചെയ്യലിനായി എൻ.ഐ.എ. വിളിപ്പിച്ചിട്ടുണ്ട്. മേയ് 30-ന് എൻ.ഐ.എ. എടുത്ത കേസിൽ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. മറ്റു നാലുപേരെ ചോദ്യം ചെയ്തുവരികയാണ്.

എൻ.ഐ.എ. റെയ്ഡിനുപിന്നാലെ പോലീസ് ഉക്കടത്തും സമീപപ്രദേശങ്ങളിലുമായി റെയ്ഡ് നടത്തിയിരുന്നു. അസിസ്റ്റന്റ് കമ്മിഷണർ ഫെഡറിക് മാനുവലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോയമ്പത്തൂർ പോലീസിന്റെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം, തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം എന്നിവർക്ക് ലഭിച്ച വിവരങ്ങളെത്തുടർന്നാണ് നടപടികളെന്ന് പോലീസ് പറയുന്നു.

Content Highlights: isis case, one more arrested in coimbatore