തിരുവനന്തപുരം: ശ്രീലങ്കയിൽനിന്ന് ബോട്ടിൽ 15 ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇന്റലിജൻസ്, ആഭ്യന്തരമന്ത്രാലയം എന്നിവ നിർദേശം നൽകി.

നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പോലീസും കടൽപട്രോളിങ് ശക്തമാക്കി. സേനയുടെ എല്ലാ കപ്പലുകളും ഡോർണിയർ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാൻഡർ വി.കെ. വർഗീസ് പറഞ്ഞു. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വിവരം നൽകണമെന്നും തീരസുരക്ഷാമേധാവി നിർദേശിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ പള്ളിയിൽ ഈസ്റ്റർദിനത്തിൽ സ്ഫോടനം നടത്തിയ ഭീകരർ കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങൾ സന്ദർശിച്ചിരുന്നെന്ന് ശ്രീലങ്കൻ സൈനികമേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരസംഘത്തിന് കേരളത്തിൽനിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയോയെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

ബോട്ടുകൾ നിരീക്ഷിക്കുന്നു

തിരുവനന്തപുരം: എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തിൽ പുതിയ ബോട്ട് കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് തീരസംരക്ഷണസേന കൊല്ലത്തുെവച്ച് ഈ ബോട്ട് പിടികൂടി. പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിട്ടയച്ചു.

ഭീകരർ ലക്ഷദ്വീപിലേക്ക് കടന്നുവെന്ന ഇൻറലിജൻസ് ഏജൻസികളുടെ അറിയിപ്പിനെത്തുടർന്ന് കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് സന്ദേശം ലഭിക്കുന്നത്.

Content Highlights: IS suicide bombers, Lakshadweep