കാക്കനാട്: 2018-ൽ കേരളത്തെ ബാധിച്ച പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സി.പി.എം. പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസത്തിന്റെ പേരിൽ അനധികൃതമായി 10.54 ലക്ഷം രൂപ ഇട്ട പ്രളയ ദുരിതാശ്വാസ സെക് ഷൻ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് ജില്ലാ കളക്ടർ എസ്. സുഹാസ് സസ്പെൻഡ് ചെയ്തത്.

സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ക്രമക്കേട് കണ്ടുപിടിച്ചതോടെ പണം തിരികെ നൽകി ഇദ്ദേഹം തടിയൂരി. 2018 ഓഗസ്റ്റിൽ നാടിനെയൊന്നാകെ തകർത്തെറിഞ്ഞ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് അപേക്ഷ പോലും നൽകാത്ത സി.പി.എം. നേതാവിന്റെ അക്കൗണ്ടിലേക്ക്‌ ഇത്രയും വലിയ തുക എത്തിയത്.

സി.പി.എം. നിയന്ത്രണത്തിലുള്ള കാക്കനാട് അയ്യനാട് സർവീസ് സഹകരണ ബാങ്കിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കായിരുന്നു പണമെത്തിയത്. അയ്യനാട് ബാങ്കിന് ഐ.എഫ്‌.എസ്‌. കോഡ് ഇല്ലാത്തതിനാൽ അവരുടെ നിക്ഷേപമുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടത്. പിന്നീട് അയ്യനാട് ബാങ്കിലേക്ക് മാറ്റിയാണ് അൻവറിന് പണം നൽകിയത്. അഞ്ച് ഗഡുക്കളായി എത്തിയ തുകയിൽനിന്ന്‌ അഞ്ച് ലക്ഷം രൂപ അൻവർ പിൻവലിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ കളക്ടറേറ്റിൽ അറിയിച്ചു. തുടർന്ന് കളക്ടറുടെ ഉത്തരവു പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്ലർക്ക് വിഷ്ണുപ്രസാദ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ്‌ ചെയ്യുകയായിരുന്നു. ക്രമക്കേടിൽ പോലീസ് അന്വേഷണത്തിനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ നടന്ന അന്വേഷണത്തിൽ 325 അനർഹർക്ക് തുക അനുവദിച്ചതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടുകൾ കളക്ടർ മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ പണം ദുരിതാശ്വാസ നിധിയിൽനിന്ന് ലഭിച്ചതാണെന്ന വസ്തുത അറിഞ്ഞിരുന്നില്ലെന്നാണ് അൻവറിന്റെ വിശദീകരണം.

ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരിഷ് ബാബു വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

10.54 ലക്ഷം നൽകിയത് അഞ്ചു തവണയായി

കാക്കനാട്: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ലോക്കൽ കമ്മിറ്റി അംഗത്തിന് കളക്ടറേറ്റ് ജീവനക്കാരൻ 10.54 ലക്ഷം രൂപ നൽകിയത് അഞ്ചു തവണയായി. 2019 നവംബർ 28-നാണ് ആദ്യമായി തുക നിക്ഷേപിക്കുന്നത്. ഈ ദിവസം രണ്ടര ലക്ഷം രൂപ വീതം രണ്ടു തവണയായി ഇട്ടു. പിന്നീട് ഇക്കഴിഞ്ഞ ജനുവരി 21-നും രണ്ടര ലക്ഷം രൂപയിട്ടു. ഇതേ ദിവസം തന്നെ 1.25 ലക്ഷം രൂപയും നിക്ഷേപിച്ചു. മൂന്നു ദിവസത്തിനു ശേഷം ജനുവരി 24-നാണ് അവസാന തുകയായ 1.79 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇത്രയും തുക തെറ്റായി നിക്ഷേപിച്ചതാണെന്നും ഉടൻ ജില്ലാ കളക്ടറുെട പേരിലുള്ള ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നും കാണിച്ച് ഇയാൾക്ക് കളക്ടർ നോട്ടീസ് നൽകിയിരുന്നു.

Content Highlights: Employee in civil station suspended