ഇരിങ്ങാലക്കുട: സന്ന്യാസജീവിതത്തിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയാണ് സിസ്റ്റര്‍ റോസ് ആന്റോ. ഇതിനായി അവര്‍ സ്വീകരിച്ചത് വൃക്കദാനമെന്ന മഹദ് മാര്‍ഗം.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. വൃക്കകള്‍ തകരാറിലായ ഇരിങ്ങാലക്കുട ആസാദ് റോഡിലെ വലിയപറമ്പില്‍ തിലകനെ (46)യാണ് സിസ്റ്റര്‍ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റുന്നത്.

ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമടങ്ങിയ തിലകന്റെ കുടുംബം സൈക്കിള്‍ റിപ്പയര്‍ ചെയ്തു കിട്ടിയിരുന്ന തുച്ഛവരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്. ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും വൃക്ക യോജിക്കാത്തതിനെ തുടര്‍ന്ന് നിരാശരായ കുടുംബത്തിനു മുന്നിലേയ്ക്ക് സിസ്റ്റര്‍ സ്വയം സന്നദ്ധയായി എത്തുകയായിരുന്നു.

വ്യത്യസ്തമായ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ റോസിന് മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച അധ്യാപിക എന്നീ നിലകളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആലപ്പുഴ കൈതവനയില്‍ മംഗലത്ത് വീട്ടില്‍ പരേതരായ ദേവസ്യ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും 12 മക്കളില്‍ ഒന്‍പതാമതായി ജനിച്ച സിസ്റ്റര്‍ക്ക് എം.എ.യ്ക്കും എം.ഫില്ലിനും ഒന്നാം റാങ്കുണ്ടായിരുന്നു. 'ബൈബിളിലും കബീര്‍ദാസ് കൃതികളിലും സുവ്യക്തമായി പ്രകാശിച്ചു കാണുന്ന സാമൂഹിക പരിഗണനയും സാര്‍വത്രിക ക്ഷേമകാംക്ഷയും' എന്ന വിഷയത്തില്‍ പിഎച്ച്.ഡി.യും നേടിയിട്ടുണ്ട്.

ഗവേഷണം നടത്തിയതും ചെറുപ്പം മുതല്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഗുരുക്കന്മാര്‍ തുടങ്ങിയവരില്‍നിന്ന് പകര്‍ന്നുകിട്ടിയതുമായ ജീവിതസാക്ഷ്യമാണ് ഈ തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സിസ്റ്റര്‍ റോസ് പറയുന്നു.