തിരുവനന്തപുരം: ഒരു കാലത്ത് കോൺഗ്രസിൽ ഐ.എൻ.ടി.യു.സിക്ക് പ്രതാപകാലമായിരുന്നു. കെ. കരുണാകരൻ മുതൽ സി.എം. സ്റ്റീഫൻ വരെ തൊഴിലാളി സംഘടനയിൽ പ്രവർത്തിച്ചിരുന്ന കാലം.

ഇപ്പോൾ കുറച്ചുകാലമായി തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിൽനിന്ന് ഐ.എൻ.ടി.യു.സി. സംഘടനാ നേതൃത്വത്തിലുള്ളവർക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് പരാതി. ബേബി ജോണിനെതിരേ മത്സരിക്കാൻ കെ. സുരേഷ് ബാബുവിന് ലഭിച്ചതാണ് അവസാന അവസരം. അതുകൊണ്ടുതന്നെ ഇപ്രാവശ്യം സീറ്റ് ലഭിച്ചേ തീരൂവെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

ആദ്യം 16 പേരുടെ പട്ടികയാണ് കെ.പി.സി.സി നേതൃത്വത്തിന് കൈമാറിയത്. അത് വെട്ടിക്കുറച്ച് നിർബന്ധമായും പരിഗണിക്കേണ്ടവരുടെ പട്ടിക നേതൃത്വം ചോദിച്ചു. അഞ്ച് പേരുടെ പട്ടിക നൽകി കാത്തിരിക്കുകയാണ് സംഘടന.

പട്ടിക ഇങ്ങനെ :

ആർ. ചന്ദ്രശേഖരൻ (സംസ്ഥാന പ്രസിഡന്റ്)- കൊട്ടാരക്കര, കുണ്ടറ

വി.ആർ. പ്രതാപൻ (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്) - നേമം, വാമനപുരം

ഫിലിപ്പ് ജോസഫ് ( കോട്ടയം ജില്ലാ പ്രസിഡന്റ്) - ഏറ്റുമാനൂർ, പൂഞ്ഞാർ

കെ.പി. ഹാരിസ് ( സംസ്ഥാന ജനറൽ സെക്രട്ടറി) - വൈപ്പിൻ

പി.ജി. ദേവ് (കാസർകോട് ജില്ലാ പ്രസിഡന്റ്) -കാഞ്ഞങ്ങാട്