2020 നവംബര്‍ 13- സി.പി.എം. സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്ന്  കോടിയേരി ബാലകൃഷ്ണന്‍ അന്നാണ് അവധിയെടുത്തത്. അതുവരെ പാര്‍ട്ടി പ്രവര്‍ത്തനവും  പത്രസമ്മേളനങ്ങളും പൊതുയോഗങ്ങളും യാത്രകളുമെല്ലാമായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നൊരാളുടെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍.

ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളും ചികിത്സകളുമായി തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിനടുത്ത പാര്‍ട്ടി ഫ്ലാറ്റില്‍ താമസിക്കുമ്പോഴും അദ്ദേഹം സജീവമാണ്. മിക്ക ദിവസങ്ങളിലും ഉച്ചവരെ എ.കെ.ജി സെന്ററിലിരിക്കുന്നു, പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനം തുടരുന്നു. 

ഓണ്‍ലൈനായി നടക്കുന്ന കേന്ദ്രക്കമ്മിറ്റി, പി.ബി. യോഗങ്ങളിലും സംബന്ധിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം ഉള്‍പ്പെടെ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്നു. വല്ലപ്പോഴും തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും സാന്നിധ്യം അറിയിക്കുന്നു. മറ്റ് യാത്രകളോ പരിപാടികളോ ഇല്ല. അണുബാധ ഒഴിവാക്കാനുള്ളതാണ് ഈ നിയന്ത്രണങ്ങളെല്ലാം.  

എന്നും തിരക്കുകളിലൂടെ സഞ്ചരിച്ച ജീവിതം പെട്ടെന്ന് ഇങ്ങിനെ ഓഫീസും ഫ്ലാറ്റുമായി ഒതുങ്ങിപ്പോവുന്നതിനെ വളരെ പോസിറ്റീവായാണ് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്. ' രോഗം ആര്‍ക്ക്, എപ്പോള്‍ എന്ന് പറയാനാവില്ലല്ലോ. രോഗമുണ്ടെന്ന് വിചാരിച്ച് ഒതുങ്ങിക്കൂടാനും പറ്റില്ലല്ലോ' - തന്റെ ഇന്നത്തെ ജീവിതത്തെ അദ്ദേഹം ഇങ്ങിനെ അടയാളപ്പെടുത്തുന്നു. 

രണ്ടാഴ്ച കൂടുമ്പോള്‍ കീമോ തെറാപ്പിക്ക് വിധേയനാവുന്നു. യു.എസില്‍ ചികിത്സിച്ച ഡോക്ടര്‍മാരുമായി ഇവിടത്തെ ഡോക്ടര്‍മാര്‍ നിരന്തരം ബന്ധപ്പെടുന്നു. ആശാവഹമാണ് കാര്യങ്ങളെന്ന നിലയില്‍ ജീവിതം നയിക്കുന്നു. ഇതിനിടയില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തലശ്ശേരിയിലേക്ക് പോയത് മാത്രമാണ് ഇക്കാലയളവില്‍ നടത്തിയ യാത്ര. കണ്ണൂരിലേക്ക് വിമാനമാര്‍ഗ്ഗം പോയി തിരിച്ചുവന്നു. 

കാലത്ത് കുളികഴിഞ്ഞ് ഒരു മണിക്കൂറോളം യോഗാഭ്യാസം. തുടര്‍ന്ന് പ്രഭാതഭക്ഷണം. പത്ത് മണിയോടെ എ.കെ.ജി സെന്ററിലേക്ക്. അവിടെ  അത്യാവശ്യക്കാരായ സന്ദര്‍ശകരെ മാത്രം കാണുന്നു. എന്നുമുള്ള  സംസ്ഥാന അവൈലബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംബന്ധിക്കുന്നു.  ഉച്ചയോടെ തിരികെ  ഫ്ലാറ്റിലേക്ക്. ഭക്ഷണത്തിന് ശേഷം ചെറിയൊരു മയക്കം. വൈകീട്ട് ചെറിയൊരു നടത്തം. അല്‍പ്പം വായന. വല്ലപ്പോഴും ടി.വിയില്‍ ഒരു സിനിമ കണ്ടാലായി. വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ കാണാറുമില്ല. ഭക്ഷണത്തില്‍ പ്രോട്ടീന്‍ കൂടുതല്‍ വേണമെന്നതിനാല്‍ സസ്യാഹാര രീതി മാറി. മീനും ഇടക്ക് ഇറച്ചിയും മെനുവില്‍ ഉള്‍പ്പെടുത്തി. പത്ത് മണിക്ക് തന്നെ ഉറക്കം. ജീവിതരീതി ഇങ്ങിനെയാണിപ്പോള്‍.

2019 ഒക്ടോബറിലാണ് പാന്‍ക്രിയാസില്‍ ചില്ലറ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. രണ്ട് തവണ അമേരിക്കയില്‍ ചികിത്സാര്‍ത്ഥം പോയി വന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ചികിത്സ തന്നെ മതിയാവുമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. എന്നും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്ന, സി.പി.എമ്മിന്റെ ചിരിക്കുന്ന മുഖമായ കോടിയേരി ബാലകൃഷ്ണന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തിയിട്ട് മൂന്നുമാസത്തില്‍ ഏറെയായി. കോവിഡും അണുബാധയുമെല്ലാം കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങളെല്ലാം. എന്നാല്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളെല്ലാം അദ്ദേഹം കൃത്യമായി അറിയുന്നു, ഇടപെടുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ തല്‍ക്കാലം മല്‍സരിക്കാനില്ലെന്ന വ്യക്തിപരമായ നിലപാടിലാണ് അദ്ദേഹം. കോടിയേരിയുമായുള്ള സംഭാഷണത്തില്‍ നിന്ന്..

സെക്രട്ടറി പദത്തില്‍ നിന്ന് മാറി. ഇത്തവണ മത്സരിക്കുമോ?

  • അത്തരമൊരു ഉദ്ദേശം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാര്‍ട്ടി പറയും.

ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എവിടെയെത്തി? സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ എപ്പോഴാവും?

  • ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു. ആ ചര്‍ച്ചകള്‍ പൂര്‍ത്തിയായി സീറ്റ് വിഭജനം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അതിലൊക്കെ തീരുമാമാവും. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളല്ല നടക്കുന്നത്.

സി.പി.എം. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍?

  • തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവു നല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാ ഘടകങ്ങളും പരിഗണിച്ചാവും അത്.  കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും. 

ഒരു ഭരണത്തുടര്‍ച്ച  എന്ന സി.പി.എം. പ്രതീക്ഷയുടെ അടിസ്ഥാനമെന്താണ്?

  • പിണറായി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉണ്ടാവണം. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള വികസനങ്ങളാണ്  അഞ്ച് വര്‍ഷം കൊണ്ടുണ്ടായത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും അത്തരമൊരു തുടര്‍ച്ചക്ക് അടിസ്ഥാനമാണ്. ബി.ജെ.പിയും കോണ്‍ഗ്രസും തുടരുന്ന സ്വകാര്യവല്‍ക്കരണ,  ഉദാരവല്‍ക്കരണ നയത്തിന് ബദലില്ല എന്ന പ്രചാരണത്തിനുള്ള മറുപടിയാണ് കേരളത്തിലെ ഈ ഭരണം. അത്തരമൊരു ബദല്‍ സാധ്യമാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തിയും ലാഭകരമാക്കിയും നാം മാതൃക സൃഷ്ടിച്ചു. ഭാവിയില്‍ ദേശീയ തലത്തില്‍ തന്നെ ഈ കാഴ്ചപ്പാട് ശക്തമാവും. ബി.ജെ.പിക്ക് മുന്നില്‍ പലസ്ഥലത്തും കോണ്‍ഗ്രസ് വിറങ്ങലിച്ചു നില്‍ക്കുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പുതുച്ചേരി.  ബി.ജെ.പിക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ. മതന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിക്ക് ഒപ്പമാണ്. 

ഇതൊക്കെ പറയുമ്പോഴും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നുണ്ടല്ലോ?

  • കോണ്‍ഗ്രസ് മുക്ത ഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നത്. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആര്‍.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണം ചെയ്യും. 

ബി.ജെ.പിയോട് സി.പി.എമ്മിന് മൃദുസമീപനമാണെന്നാണല്ലോ കോണ്‍ഗ്രസിന്റെ ആക്ഷേപം?

  • കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിനെ സഹായിക്കാം എന്നത് സംഘപരിപാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ ആര്‍.എസ്.എസുമായി ഏറ്റുമുട്ടി അനേകം പ്രവര്‍ത്തരെയാണ് സി.പി.എമ്മിന്  നഷ്ടപ്പെട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവരെ വിലക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. കര്‍ണാടകയിലും മധ്യപ്രദേശിലും ഇപ്പോള്‍ പുതുച്ചേരിയിലുമൊക്കെ നാം അതാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ സി.പി.എം തകര്‍ന്നാലേ അവര്‍ക്ക് രക്ഷയുള്ളൂ. പശ്ചിമ ബംഗാളിലും ത്രിപുരയിലും സി.പി.എം. ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പിക്ക് മുന്നേറാനായത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് വന്നാലും അവര്‍ക്ക് ഭരണത്തിലെത്താന്‍ അവസരം പിന്നെയുമുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പിയെ അകറ്റി നിര്‍ത്താനുള്ള പോരാട്ടത്തിലാണ് എന്നും സി.പി.എം. കേരളത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താനും അവരെ പരാജയപ്പെടുത്തണം. 

ശബരിമല വിഷയത്തില്‍ നേരത്തെ എടുത്ത നടപടികള്‍ ശരിയല്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?

  • അത്തരം ചിന്തകളൊന്നുമില്ല. അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസ്സുമെല്ലാം ഈ ഉത്തരവിനെ സ്വാഗതം ചെയ്തു. ഇപ്പോഴും ശബരിമലയില്‍ പ്രശ്നങ്ങളില്ലാത്തത് സര്‍ക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീം കോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് ഞങ്ങളുടെ നിലപാട്. 

കെ.എം. മാണിക്ക് എതിരെ നേരത്തെ നടത്തിയ പ്രസംഗങ്ങളെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കില്ലേ?

  • അതൊക്കെ ഓരോ കാലത്തെ രാഷ്ട്രീയ നിലപാടുകളാണ്. സി.പി.എമ്മും സി.പി.ഐയും പത്തുവര്‍ഷത്തോളം വിരുദ്ധ ചേരികളില്‍ നിന്ന് എന്തെല്ലാം പരസ്പരം പറഞ്ഞു? ഒരു ഘട്ടത്തില്‍ സി.പി.എമ്മും ആര്‍.എസ്.പിയും തമ്മിലും എതിര്‍പ്പുണ്ടായി. അതാത് കാലത്തെ രാഷ്ട്രീയമാണ് ഇത്തരം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്നെ രാഷ്ട്രീയം മാറുമ്പോള്‍ അതൊന്നും വിഷയമാവില്ല.

content highlights: interview with Kodiyeri Balakrishnan