കൊച്ചി: കുതിച്ചുമുന്നേറാൻ ഇച്ഛാശക്തിയും കഠിനാധ്വാനവും മാത്രംമതിയെന്ന് ഭാരതത്തിന്റെ മിസൈൽ വനിത ഡോ. ടെസി തോമസ്. അറിവുണ്ടെങ്കിൽ ആർക്കും നിങ്ങളെ മാറ്റിനിർത്താനാകില്ല. അടിച്ചമർത്താനാകില്ല. ശാസ്ത്രത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. അവിടെയെല്ലാവരും ശാസ്ത്രജ്ഞർ മാത്രമാണ്. കഴിവുതന്നെയാകണം അംഗീകാരങ്ങൾക്കുള്ള മാനദണ്ഡമെന്നും അവർ കൂട്ടിച്ചേർത്തു.

വനിതാദിനത്തോടനുബന്ധിച്ച് ‘മാതൃഭൂമി’യിൽ ഗസ്റ്റ് എഡിറ്ററായി എത്തിയതാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ.) എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായ ടെസി തോമസ്. അഗ്നി മിസൈൽ വികസനപദ്ധതിയുടെ ഡയറക്ടറായിരുന്നു അവർ. മിസെൽ വനിത എന്നതിനൊപ്പം ‘അഗ്നിപുത്രി’ എന്നുകൂടി വിളിപ്പേരുണ്ട് ഈ ആലപ്പുഴക്കാരിക്ക്. വനിതാദിനത്തിന്റെ പത്രം രൂപകല്പന ചെയ്യുന്നതിന്റെ ഇടവേളയിൽ അവർ ‘മാതൃഭൂമി’യിലെ വനിതാ മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

content highlights; International Womens Day, Tessy Thomas