Prajith
പ്രജിത് ജയപാല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍
പ്രധാനമന്ത്രിയുടെ
മന്‍ കി ബാത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കോഴിക്കോട്: നിങ്ങളിലേക്കെത്തുന്ന ആ ഫോൺവിളിയുടെ മറ്റേ അറ്റത്ത്, ചക്രക്കസേരയിൽ ജീവിതം വീണ്ടെടുത്തൊരാളാവാം. ശരീരം തളർന്നതുകൊണ്ട് മനസ്സ് തളരില്ലെന്നുറപ്പിച്ചവരുടെ പ്രതിനിധി. കാറപകടത്തിൽ ശരീരംതളർന്ന് ചക്രക്കസേരയിൽ കഴിയുമ്പോഴും സ്വയം കാറോടിച്ച് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട പ്രജിത് ജയപാലാണ് ഈ മാതൃക അവതരിപ്പിക്കുന്നത്.

മൊബൈൽഫോൺ കമ്പനിക്കുവേണ്ടി ഉപഭോക്താക്കളുമായി സംസാരിക്കാൻ ചക്രക്കസേരയിൽ ജീവിതം തളച്ചിടപ്പെട്ടവരെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. രാമനാട്ടുകരയിൽ പ്രജിത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രതിനിധികളായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് അവർ ജോലി തുടങ്ങിക്കഴിഞ്ഞു.

കമ്പനിയുടെ ഓഫറുകൾ ഉപഭോക്താക്കളെ ടെലികോളിലൂടെ അറിയിക്കുകയും ഓർഡറുകൾ നേടുകയുമാണ് പ്രധാനജോലി. ഇതിനുള്ള കമ്മിഷനും പ്രതിഫലവുമാണ് വരുമാനം. നൂറുരൂപപോലും സ്വയംസമ്പാദിക്കാനാവില്ലെന്ന ധാരണയിൽനിന്ന് മാസം മാന്യമായ വരുമാനമുണ്ടാകുന്ന സ്ഥിതിയിലേക്ക് ഇവരെ എത്തിക്കുകയെന്ന ആഗ്രഹത്തോടെയാണ് ഈ തുടക്കമെന്ന് പ്രജിത് പറഞ്ഞു. ടെലികോളിങ് വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന ജോലിയാണ്. ഗൂഗിൾ മീറ്റിലൂടെ 12 പേരാണു പരിശീലനം നേടിയത്. ഏഴുപേർ ഉപഭോക്താക്കളെ വിളിച്ചുതുടങ്ങി.

കോവിഡ്കാലത്ത് ലക്ഷത്തിനുമേൽ ശമ്പളമുള്ളവർക്കുപോലും വീട്ടിലിരുന്ന് ജോലിചെയ്യാൻ കമ്പനികൾ അനുമതിനൽകി. പിന്നെന്തുകൊണ്ട് ചക്രക്കസേരയിലുള്ളവരെ പരീക്ഷിച്ചുകൂടാ എന്ന ചോദ്യത്തിന് കമ്പനി അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

നിലമ്പൂരിലെ മനുവിനും എറണാകുളത്തെ ബിനോയിക്കും കൊടുവള്ളിയിലെ ഫാരിസിനുമൊക്കെ ഈ അവസരം തങ്ങളിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചാണു പറയാനുള്ളത്.

സെന്ററിങ് ജോലിക്കിടെ കെട്ടിടത്തിൽനിന്നുവീണാണ് മനുവിന്റെ ശരീരം തളർന്നത്. ‘‘ടെലികോളിങ്ങിൽ മുൻപരിചയമൊന്നുമില്ല. അതിന്റെ പകപ്പ് തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അതിൽ വിജയിക്കാമെന്ന വിശ്വാസമുണ്ട്’’- മനുവിന്റെ വാക്കുകൾ.

പരിശീലനം നേടിയവരിൽ രണ്ടുവനിതകളുമുണ്ട്. അപകടങ്ങളിൽ നട്ടെല്ലിനു ക്ഷതംപറ്റിയവർ, പോളിയോബാധിതർ എന്നിവരൊക്കെയുൾപ്പെടുന്നുണ്ട് ടെലികോളിങ് ചെയ്യുന്നവരിൽ.

Content Highlight:  International Wheelchair Day 2021