കണ്ണൂര്‍: 40 വര്‍ഷംമുമ്പ് കേരളത്തില്‍ വ്യാപിച്ചുകിടന്നത് 700 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനം. ഇപ്പോഴത് 17 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയെന്ന് വനംവകുപ്പ്. സംസ്ഥാനത്തെ കണ്ടല്‍വന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം. എങ്ങനെയായാലും നാല് പതിറ്റാണ്ടിനിടെ 96 ശതമാനത്തിലേറെ കണ്ടല്‍ക്കാടുകള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തം.

ഭൂമിയുടെ വൃക്ക എന്നുവരെ കണ്ടല്‍വനം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നിവയില്‍നിന്നുള്ള തീരദേശത്തിന്റെ രക്ഷാകവചമായും ജൈവസമ്പത്തിന്റെ അമൂല്യമായ കലവറയായും പരിസ്ഥിതിസന്തുലനത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട കണ്ടല്‍ക്കാടുകള്‍ ഇന്ന് ഉന്മൂലനത്തിന്റെ വക്കിലാണ്. ജനസംഖ്യാവര്‍ധനയും വികസനവുംമൂലം കണ്ടല്‍വനത്തില്‍ ഒരുപരിധിവരെ കുറവുണ്ടായത് സ്വാഭാവികം. എന്നാല്‍, കണ്ടല്‍വനം അശേഷം ഇല്ലാതാക്കാനുള്ള കടുംകൈകളെ തടഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തില്‍ അത് പരിഹരിക്കാനാവാത്ത ആഘാതമായി മാറും.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടല്‍ക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങള്‍ വാരിയെറിഞ്ഞും നശിപ്പിച്ചത്. തൃശ്ശൂര്‍ പാവറട്ടിയില്‍ ടയറുപയോഗിച്ച് തീവെച്ചാണ് കണ്ടല്‍ നശിപ്പിച്ചത്. കണ്ണൂര്‍ ചെമ്പല്ലിക്കുണ്ടില്‍ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായത് രണ്ടര ഏക്കര്‍ കണ്ടല്‍വനമാണ്. തോപ്പുംപടി മുണ്ടംവേലിയില്‍ തീരദേശനിയമം ലംഘിച്ച് കണ്ടല്‍ വെട്ടിയത് കൊച്ചി നഗരസഭ തന്നെയാണ്.
 
ദേശീയ ഹരിത ട്രൈബ്യൂണല്‍ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. പാപ്പിനിശ്ശേരിയിലെ വളപട്ടണം പുഴയോരത്ത് നിത്യേന കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങള്‍ വിശാലമായ കണ്ടല്‍ക്കാടിന്റെ പച്ചപ്പ് മായ്ച്ചുകളഞ്ഞിട്ടുണ്ട്.

മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ കണ്ടല്‍ക്കാടുകള്‍ അഞ്ച് ഹെക്ടറോളമാണ് കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പുതന്നെ നശിപ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ എരഞ്ഞോളി, ഇരിണാവ്, പാപ്പിനിശ്ശേരി, തലശ്ശേരി, കുയ്യാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാര്‍ഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകള്‍ നശിപ്പിച്ചു.
 
എറണാകുളം-കളമശ്ശേരി കണ്ടെയ്‌നര്‍ റോഡിന്റെ വശങ്ങളിലുള്ള കണ്ടല്‍ക്കാടുകള്‍ രാത്രി ജെ.സി.ബി. വെച്ച് പിഴുതെടുത്തും പകല്‍ കത്തിച്ചാമ്പലാക്കിയുമാണ് ഇല്ലായ്മ ചെയ്തത്. പല മാര്‍ഗങ്ങളുപയോഗിച്ച് കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതിന്റെ വളരെ കുറച്ചുമാത്രം ഉദാഹരണങ്ങളാണിവ. ലാഭം ലാക്കാക്കിയുള്ള ചെമ്മീന്‍ഫാമുകളുടെ നിര്‍മാണം, റിസോര്‍ട്ടുകളുടെ വ്യാപനം, റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങള്‍, ടൂറിസം, കൈയേറ്റങ്ങള്‍, സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ എന്നിവയെല്ലാം കണ്ടല്‍ക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്ത് കണ്ടല്‍വനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ സര്‍വേ രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണ് കണ്ടല്‍ക്കാടുകള്‍ പിഴുതുമാറ്റുന്നത്.

കേരളത്തില്‍ 18 ഇനം ശുദ്ധ കണ്ടലുകള്‍

ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കമുള്ളതുമായ കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രതേക്യതരം വനമാണ് കണ്ടല്‍ക്കാടുകള്‍. ഉപ്പുവെള്ളമുള്ള കായലോരത്തും കണ്ടലുകള്‍ വളരും.
 
മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തില്‍പ്പെട്ട കണ്ടല്‍വനമുണ്ട്. കണ്ടല്‍ക്കാടുകള്‍ക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടല്‍സഹവര്‍ത്തികളെന്നോ കണ്ടല്‍ക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടല്‍സഹവര്‍ത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

1) ചുള്ളിക്കണ്ടല്‍, 2) പൂക്കണ്ടല്‍, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടല്‍ (ചെറുകണ്ടല്‍) 6) കരക്കണ്ടല്‍ (പേനക്കണ്ടല്‍), 7) സ്വര്‍ണക്കണ്ടല്‍, 8) ആനക്കണ്ടല്‍, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടല്‍, 12) കടക്കണ്ടല്‍, 13) ഞെട്ടിപ്പന, 14) പീക്കണ്ടല്‍, 15) പ്രാന്തന്‍ കണ്ടല്‍, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടല്‍, 18) ചക്കരക്കണ്ടല്‍ എന്നിവയാണ് ശുദ്ധകണ്ടലുകള്‍.
ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടര്‍ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടര്‍) കണ്ടല്‍ക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയില്‍ 6740 ചതുരശ്ര കിലോമീറ്ററില്‍ കണ്ടല്‍വനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍സ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരങ്ങളിലാണ് കൂടുതല്‍. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള കേരളത്തിലെ പത്ത് ജില്ലകളിലും കണ്ടല്‍വനമുണ്ട്. സംസ്ഥാനത്തെ കണ്ടല്‍ക്കാടുകളില്‍ നാല്പതുശതമാനത്തിലേറെയും കണ്ണൂര്‍ ജില്ലയിലാണ് (755 ഹെക്ടര്‍). കോഴിക്കോട് (293), എറണാകുളം (260), ആലപ്പുഴ (90), കോട്ടയം (80), കാസര്‍കോട് (79), കൊല്ലം (58), തിരുവനന്തപുരം (23), തൃശ്ശൂര്‍ (21) മലപ്പുറം (12) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണ്ടല്‍ക്കാടിന്റെ വ്യാപ്തി.