കൊല്ലം: കേരള പോലീസിന്റെ ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം കോക്കൂണ്‍-2016 വെള്ളിയാഴ്ച കൊല്ലം ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ആരംഭിക്കും. അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ സമകാലിക സൈബര്‍ ലോകത്തെ പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും പരിചയപ്പെടുത്തുമെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൈബര്‍ വിദഗ്ധരടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുക്കും. അന്താരാഷ്ട്ര സൈബര്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോളിസൈബ്, ഇസ്ര എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.

നൂതന സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രതിരോധ സുരക്ഷാമാര്‍ഗ്ഗങ്ങള്‍, ഡിജിറ്റൈസേഷന്‍-മികച്ച സേവനത്തിനായി, ഡിജിറ്റൈസേഷന്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, സൈബര്‍ സുരക്ഷിതമായ സര്‍ക്കാര്‍, ആധുനിക സൈബര്‍ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, എത്തിക്കല്‍ ഹാക്കിങ് തുടങ്ങിയവയാണ് കോക്കൂണ്‍-2016ലെ വിഷയങ്ങള്‍.

വെള്ളിയാഴ്ച രാവിലെ 10ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. യു.എ.ഇ. ഉപപ്രധാനമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ എച്ച്.എച്ച്.ഷേഖ് സെയ്ഫ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പ്രത്യേക ക്ഷണിതാവായി എത്തും. എം.മുകേഷ് എം.എല്‍.എ. അധ്യക്ഷനാകും.

മേയര്‍ വി.രാജേന്ദ്രബാബു, നടി തൃഷ കൃഷ്ണന്‍, പോളിസൈബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി പാങ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പങ്കെടുക്കും.

ശനിയാഴ്ച വൈകിട്ട് 4.30ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും.

സൈബര്‍ വിദഗ്ധരായ സ്‌കോട്ട് വാറെന്‍, ബെസി പാങ്, സുഹൈല്‍ ദൗദ്, പോലീസ് ട്രെയ്‌നിങ് കോളേജ് പ്രിന്‍സിപ്പല്‍ പി.പ്രകാശ്, സിറ്റി പോലീസ് കമ്മിഷണര്‍ എസ്.സതീഷ് ബിനോ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.