തിരുവനന്തപുരം: എം.എൽ.എ.മാർക്കും മന്ത്രിമാർക്കും സി.പി.എം. പെരുമാറ്റച്ചട്ടം നിശ്ചയിച്ചിട്ടുണ്ടെങ്കിലും നേതാക്കൾക്കിടയിൽ നിഴൽയുദ്ധം തുടരുകയാണ്. നിയസഭയിൽ പ്രതിപക്ഷത്തിനെതിരേ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതാകണം ചോദ്യങ്ങളെന്നാണ് പാർട്ടി നിർദേശിച്ചത്. എന്നാൽ, ചോദ്യങ്ങൾ പലതും മന്ത്രിമാരെ പ്രതിരോധത്തിലാക്കുന്നതായി. ഇക്കാര്യങ്ങൾ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.

കരാറുകാരുടെ വക്കാലത്തുമായി എം.എൽ.എ.മാർ വരേണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമർശത്തിനെതിരേ സി.പി.എം. നിയസഭാകക്ഷിയോഗത്തിൽ എ.എൻ. ഷംസീർ കടുത്ത വിമർശനം നടത്തിയെന്നാണ് പുറത്തുവന്ന വാർത്ത. വാർത്ത തള്ളി റിയാസ് വിശദീകരണം നടത്തിയിട്ടുണ്ടെങ്കിലും പാർട്ടിയോ ഷംസീർ അടക്കമുള്ള എം.എൽ.എ.മാരോ നിഷേധിച്ചിട്ടില്ല. മാത്രവുമല്ല, ഇതുവരെ മൗനം തുടർന്ന ഷംസീർ കഴിഞ്ഞദിവസം ഫെയ്‌സ് ബുക്കിൽ മുള്ളും മുനയും നിറച്ച് പോസ്റ്റുമിട്ടു. ‘ഇൻസെൽട്ട് ആണ് മുരളി ഈ ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്’ എന്നായിരുന്നു ഷംസീറിന്റെ പോസ്റ്റിന്റെ തലക്കെട്ട്.

ഇൻകെൽ എന്ന പൊതുമേഖലാസ്ഥാപനത്തിനെതിരേ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് മന്ത്രിക്ക് തിരുത്തേണ്ടിവന്നു. ഇത് വാർത്തയായപ്പോൾ കടകംപള്ളി വിശദീകരിച്ച് പിൻവാങ്ങുകയാണ് ചെയ്തത്. 1000 രൂപകൊടുത്താൽ തീരുന്നതല്ല, കേരളത്തിലെ കോവിഡ് വ്യാപനമുണ്ടാക്കിയ പ്രശ്നങ്ങളെന്നാണ് കെ.കെ. ശൈലജ പറഞ്ഞത്. ചെറുകിട-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പട്ടിണിക്ക് തുല്യമായ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നപ്പോൾ, അതേവിഷയം ശൈലജ സബ്മിഷനായും ഉന്നയിച്ചു.

ചില വകുപ്പുകളിലുമുണ്ട് രാഷ്ട്രീയ ഒളിപ്പോരുകളും ശീതസമരങ്ങളും. ആരോഗ്യവകുപ്പിൽ മന്ത്രിക്കെതിരേപ്പോലും ചില ശീതയുദ്ധങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാമിഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെപേരിൽ 4.30 കോടി ചെലവഴിച്ചതായി രേഖയുണ്ട്. എന്നാൽ, ഈ പണം എവിടെ ചെലവഴിച്ചുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള പരിശോധന ഇല്ലാതാക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം. സാമൂഹ്യസുരക്ഷാമിഷൻ കേന്ദ്രീകരിച്ച് കഴിഞ്ഞതവണനടന്ന പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിനും പരാതിലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

content highlights: internal clashes in cpm