കാസർകോട്: കേരളത്തിൽനിന്നുള്ള ബസുകൾ ഒരാഴ്ചത്തേക്ക് കർണാടകയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കാസർകോട്ടുനിന്നുള്ള അന്തസ്സംസ്ഥാന ബസ് സർവീസുകൾ വീണ്ടും നിർത്തുന്നു.

കാസർകോട്ടുനിന്ന്‌ മംഗളൂരു, സുള്ള്യ, പുത്തൂർ എന്നീ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഒരാഴ്ചത്തേക്ക് അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. മംഗളൂരുവിൽനിന്ന്‌ കാസർകോട്ടേക്ക് വരുന്ന കർണാടക ആർ.ടി.സി. ബസുകളും അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തുക.

രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾ ഒഴികെ കർണാടകയിലേക്ക് വരുന്ന മുഴുവൻ ആളുകളും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് കർണാടക കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. രണ്ടുതവണ വാക്‌സിൻ എടുത്തവർക്കും അതിൽ ഇളവുണ്ടാവില്ല.

കാസർകോട്ടുനിന്ന്‌ മംഗളൂരുവിലേക്കുള്ള 23 ബസുകളും തിങ്കളാഴ്ച സർവീസ് നടത്തും. രാവിലെ 5.30-മുതൽ രാത്രി എട്ടുവരെ അരമണിക്കൂർ ഇടവിട്ടാണ് സർവീസ്. മംഗളൂരുവിലേക്ക് പോകേണ്ടവരെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിലേ കടത്തിവിടുകയുള്ളൂ.