കോട്ടയം: സംസ്ഥാന ക്ഷീരവികസന വകുപ്പ്, ക്ഷീരകർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നു. 26-ന് ഇത് നിലവിൽവരും. ഒരു ലക്ഷം ക്ഷീരകർഷകർക്ക് ഗുണം കിട്ടുന്നതാണ് പദ്ധതി.

പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിൽ 2017 ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞ സെപ്റ്റംബർ 30 വരെ കുറഞ്ഞത് 90 ദിവസം പാൽ നൽകിയവർക്ക് പരിരക്ഷ ലഭിക്കാൻ അർഹതയുണ്ട്. അല്ലെങ്കിൽ ഇക്കാലയളവിൽ 250 ലിറ്റർ പാൽ നൽകിയവർക്കും അപേക്ഷിക്കാം. ക്ഷീരകർഷകൻ, ജീവിതപങ്കാളി, 25 വയസ് വരെ പ്രായമായ അവിവാഹിതരായ രണ്ട് കുട്ടികൾ, ക്ഷീരസംഘം ജീവനക്കാർ എന്നിവർക്കായാണ് പദ്ധതി. കറവമാടുകളെയും ഇൻഷുർ ചെയ്യാം. ക്ഷീരകർഷകർ അടയ്ക്കുന്ന പ്രീമിയം തുകയിൽ സബ്സിഡിയും ഉണ്ട്. നിലവിൽ ഇൻഷുറൻസുള്ള കറവുമാടുകളെ വീണ്ടും ഇൻഷുർ ചെയ്യേണ്ടതില്ല.

ഒരു വർഷമാണ് കാലാവധി. അംഗങ്ങളുടെ പ്രായപരിധി 80. ഒറ്റത്തവണ പ്രീമിയം 5015 രൂപ. കർഷകർക്കും കുടുംബാംഗങ്ങൾക്കുമുള്ള പരമാവധി ചികിത്സാസഹായം ഒരു ലക്ഷം രൂപയാണ്. നിലവിലുള്ള അസുഖങ്ങളുടെ തുടർചികിത്സയ്ക്ക് അരലക്ഷം രൂപ വരെയുള്ള പരിരക്ഷയുണ്ട്. തിരഞ്ഞെടുത്ത പ്രമുഖ ആശുപത്രികളിൽ പണരഹിത ചികിത്സാസൗകര്യം ലഭ്യമാകും.

അപകടസുരക്ഷാ പോളിസിയുമുണ്ട്. അഞ്ച് ലക്ഷം രൂപ വരെ കിട്ടും. പ്രീമിയം 88 രൂപ. കർഷകന് അപകടമരണമുണ്ടാകുകയോ അപകടത്തിൽ അംഗവൈകല്യമുണ്ടാകുകയോ ചെയ്താൽ 50 ശതമാനം തുക ലഭിക്കും. അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാകുകയാണെങ്കിൽ 25 വയസ് വരെയുള്ള മക്കൾക്ക് പഠനസഹായവും കിട്ടും. 18 മുതൽ 50 വരെ പ്രായമുള്ള കർഷകർക്ക് 18 മാസത്തിനിടെ സ്വാഭാവിക മരണം സംഭവിച്ചാൽ രണ്ടു ലക്ഷവും അപകടമരണത്തിന് നാല്‌ ലക്ഷം രൂപയും ലഭിക്കുന്ന പദ്ധതിയുമുണ്ട്.

കറവുമാട് ചത്താൽ 100 ശതമാനം തുകയും ലഭ്യമാകുന്ന ഗോസുരക്ഷാ പോളിസിയുമുണ്ട്. അർഹതയുള്ള ക്ഷീരകർഷകർ പത്താം തീയതിക്ക് മുമ്പായി ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം.