ആലപ്പുഴ: സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക കോവിഡ് വാക്സിനേഷൻ രേഖയിലും മതിയായ വിവരങ്ങളില്ലാത്തതിനാൽ പ്രവാസികൾ പ്രതിസന്ധിയിൽ. വാക്സിന്റെ ഒന്നാം ഡോസും രണ്ടാം ഡോസും എടുത്ത തീയതികൾ, വാക്സിൻ സ്വീകരിച്ച സ്ഥലം, ബാച്ച്നമ്പർ എന്നിവ ഉൾപ്പെടുത്താത്തതാണ് ഇവർക്കു തിരിച്ചടിയാകുന്നത്.

പല വിദേശരാജ്യങ്ങളും ഈ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രവാസികൾ പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്താൻ കഴിയാതിരുന്നത് പ്രവാസികളുടെ യാത്രയ്ക്ക് പ്രശ്നമായിരുന്നു. അങ്ങനെയാണ്‌ സംസ്ഥാനം പ്രത്യേക സർട്ടിഫിക്കറ്റ് നൽകിത്തുടങ്ങിയത്. അതിലും പോരായ്മകൾ വന്നതോടെ പലരുടെയും യാത്രമുടങ്ങുന്ന സ്ഥിതിയാണ്. സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള ഒ.ടി.പി., ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേക്കുമാത്രം പോകുന്നത് ആദ്യഘട്ടത്തിൽ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചതിനു പിന്നാലെയാണ് പുതിയ പോരായ്മകൾ പ്രവാസികൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

സർട്ടിഫിക്കറ്റിൽ രണ്ടുഡോസും സ്വീകരിച്ച തീയതി ഉൾപ്പെടുത്തുന്നതിനായി സോഫ്റ്റ്‌വേർ പരിഷ്കരിക്കാൻ നടപടിയാരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും യാത്രയ്ക്കുള്ള തീയതി കഴിയുമോ എന്നാണ് പ്രവാസികളുടെ ആശങ്ക. സ്വീകരിച്ച വാക്സിന്റെയും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വാക്സിൻറെയും പേരുകൾ ചിലരുടേത് മാറിപ്പോകുന്നുമുണ്ട്. ഇത് അപൂർവമായാണ് സംഭവിക്കുന്നതെങ്കിലും ഇവതിരുത്തി പുതിയത് വാങ്ങാനും ഏറെസമയമെടുക്കും.

.