തിരുവനന്തപുരം: ഇടതുബന്ധത്തിന്റെ സ്വാധീനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുഖം കൂടുതൽ മതേതരമാക്കാൻ ശ്രമം. ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ചെറുവിഭാഗം ഹിന്ദുക്കളുടെയും പാർട്ടിയെന്ന മുഖച്ഛായ മാറ്റി ദളിതർ ഉൾപ്പെടെയുള്ളവരെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് പാർട്ടിയെ പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ് നേതൃത്വം. ആശയപരമായ മാറ്റത്തോടൊപ്പം ഘടനാപരമായിക്കൂടി പാർട്ടിയെ ഉടച്ചുവാർക്കുകയാണു ലക്ഷ്യം. ഇതിനായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു.

ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളവരെയും സ്ത്രീകളെയും ഓരോ തട്ടിലെയും പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തും. പോഷക സംഘടനകളിലൂടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ പുതിയ സെല്ലുകളും പ്ലാറ്റ്‌ഫോമുകളും രൂപവത്കരണ ഘട്ടത്തിലാണ്. ക്ഷേത്ര ജീവനക്കാരുടെ സംഘടന ഉടൻ നിലവിൽവരും. ചേർത്തലയിലാണ് ആദ്യ സമ്മേളനം. ദേവസ്വം ബോർഡുകൾക്കു പുറത്തുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരെയാണു സംഘടിപ്പിക്കുന്നത്.

പ്രൊഫഷണലുകളുടെ കൂട്ടായ്മയൊരുക്കി പ്രൊഫഷണൽ കേരള കോൺഗ്രസ് സംഘടനയും രൂപവത്കരണ ഘട്ടത്തിലാണ്. സാമ്പത്തികം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം, മറ്റു പ്രൊഫഷണൽ മേഖലകൾ എന്നിവിടങ്ങളിൽനിന്നുള്ളവരെ ഈ കൂട്ടായ്മയിലേക്കു കൊണ്ടുവരും. പ്രവാസികൾക്കും മടങ്ങിയെത്തിയവർക്കുമായി പ്രത്യേക സെല്ലുകളുണ്ടാകും.

മധ്യതിരുവിതാംകൂറിൽ സ്ത്രീകളുടെ പ്രധാന തൊഴിൽമേഖല നഴ്‌സിങ് ആയതിനാൽ അവരുടെ ഫോറത്തിനു രൂപംനൽകും. ട്രേഡ് യൂണിയൻ രംഗത്തും ഒരു കൈ നോക്കാനാണ് ശ്രമം. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ കഴിയാത്തവരും എന്നാൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ മടിയില്ലാത്തവരുമായ ആളുകളെ ലക്ഷ്യമിട്ടാണ് ഈ പരീക്ഷണങ്ങൾ.

പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി സി.പി.എം. മാതൃകയിൽ മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേക്കു റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായവും തുടങ്ങുകയാണ്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25-ൽനിന്ന് 15 ആക്കി. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നൂറിൽത്താഴെയാക്കി. യൂത്ത് ഫ്രണ്ടിൽ പ്രവർത്തിക്കാനുള്ള പരമാവധി പ്രായം 42 ആക്കി ചുരുക്കി.

ഇടതുചേരിയിൽ നിൽക്കുമ്പോൾ വിദ്യാർഥി വിഭാഗമായ കെ.എസ്.സി.ക്ക് കൂടുതൽ ശക്തിയാർജിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പെൺകുട്ടികളെ കൂടുതലായി സംഘടനയിലേക്കു കൊണ്ടുവരും. ആലപ്പുഴ ജില്ലാ പ്രസിഡന്റായി പെൺകുട്ടിയെ നിയമിച്ചതും ശ്രദ്ധേയമായി.

പാർട്ടിയെ കൂടുതൽ പുരോഗമനപരമാക്കും

പാർട്ടിയെ കൂടുതൽ പുരോഗമനപരമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. വിവിധ പോഷക സംഘടനകൾവഴി വ്യത്യസ്ത മേഖലയിലേക്ക് പാർട്ടി കടന്നുചെല്ലും. ഘടനാപരമായ മാറ്റത്തിലൂടെ, പാർട്ടി പദവികൾ ആലങ്കാരികമല്ല, ഉത്തരവാദിത്വമുള്ള ചുമതലകളാണ് എന്ന സ്ഥിതി സംജാതമാക്കും. സെമി കേഡർ സംവിധാനത്തിലൂടെ പാർട്ടിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാനും മാറ്റങ്ങൾ ഉപകാരപ്പെടും.-ജോസ് കെ. മാണി