കണ്ണൂർ: കോവിഡ് കാരണം മുടങ്ങിയ സീസൺ ടിക്കറ്റ് റെയിൽവേ പുനഃസ്ഥാപിക്കുന്നു. ആദ്യഘട്ടമായി ദക്ഷിണ റെയിൽവേയിലെ നാല്‌ തീവണ്ടികളിൽ സീസൺ ടിക്കറ്റ് നൽകും. ഇപ്പോൾ റിസർവേഷൻ ടിക്കറ്റ് മാത്രമുള്ള ഈ വണ്ടികളിൽ ഒന്ന് കേരളത്തിലോടുന്നതാണ്. പുനലൂർ-ഗുരുവായൂർ-പുനലൂർ (06327/28) വണ്ടിയിൽ മാർച്ച് 17 മുതൽ സീസൺ ടിക്കറ്റ് അനുവദിക്കും.

ലോക്‌ഡൗൺ തുടങ്ങിയത് 2020 മാർച്ച് 24-നാണ്. ആ മാസം സീസൺ ടിക്കറ്റ് എടുത്തവരിൽ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുൻകാല പ്രാബല്യത്തോടെ റെയിൽവേ പരിഗണിക്കും. ഈ വണ്ടി നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസൺ ടിക്കറ്റടക്കം നൽകാൻ യു.ടി.എസ്. കൗണ്ടർ തുറക്കും. കേരളത്തിൽ ഇപ്പോൾ ഓടുന്ന മുഴുവൻ വണ്ടികളിലും റിസർവേഷൻ ടിക്കറ്റെടുത്തേ യാത്ര ചെയ്യാനാവൂ. മാർച്ച് 16 മുതൽ തുടങ്ങുന്ന മെമു സർവീസിൽ അൺ റിസർവ്ഡ് ടിക്കറ്റ് നൽകുന്നുണ്ട്.