കോട്ടയം: കേരളത്തിൽനിന്നുള്ള ചരക്കുഗതാഗതത്തിൽ പുതിയ ഉത്പന്നം ഉൾപ്പെടുത്തിയും യാത്രാ കംപാർട്ടുമെന്റുകളിലെ ഇരിപ്പിടങ്ങളിൽ മാറ്റംവരുത്തിയും വരുമാനം കൂട്ടാൻ റെയിൽവേ. റബ്ബർത്തൈകൾ, കാർഷികോപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ചരക്കുനീക്കം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശ്രമം തുടങ്ങി.

ഇതിനോടകം കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽനിന്നായി റബ്ബർ ബോർഡിന്റെ 50,000 റബ്ബർത്തൈ ഷാലിമാർ എക്സ്‌പ്രസ് വഴി അസമിലേക്കയച്ചു. റെയിൽവേ ബോർഡിന്റെ അനുവാദത്തോടെ ഒരു ജനറൽ കംപാർട്ട്‌മെന്റ് പരിഷ്കരിച്ചാണ് റബ്ബർത്തൈകൾ അയച്ചത്. ഇതിനുപുറമേ ആലുവയിലെ കാംകോയുടെ കാർഷികോപകരണങ്ങൾ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് കയറ്റിയയച്ചു. താമസിയാതെ ഉപയോഗശൂന്യമായ പല യാത്രാ കംപാർട്ട്‌മെന്റുകളും വ്യതിയാനംവരുത്തി ചരക്കുനീക്കം നടത്താനാണ് ശ്രമം.

നിലവിൽ, വിവിധ സംസ്ഥാനങ്ങളിൽനിന്ന് അരിയുംമറ്റും കേരളത്തിലെത്തിച്ചശേഷം ഇവിടെനിന്ന് തിരിച്ചുകൊണ്ടുപോകാൻ ചരക്കില്ലാത്ത സാഹചര്യമാണ്. ഇതൊഴിവാക്കാൻ ഇളവുകൾ നൽകി കൂടുതൽ ചരക്ക് മടക്കിയയയ്ക്കാനാണ് ശ്രമം. ചരക്കുനീക്കം കൂടുതൽ ആകർഷകമാക്കുന്നതിന് തിരുവനന്തപുരത്ത് വ്യവസായ വികസന യൂണിറ്റും തുറന്നു. കൂടുതൽ ബിസിനസ് മേധാവികളെ േനരിൽക്കണ്ട് ചരക്കുഗതാഗതം പ്രാത്സാഹിപ്പിക്കും.

ചരക്കുഗതാഗതത്തിന് റെയിൽവേ പ്രത്യേക ഇളവുകളും നൽകി. അതുകൊണ്ട്, കോവിഡ് വെല്ലുവിളികൾക്കിടയിലും തീവണ്ടിയിലെ ചരക്കുനീക്കത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയുണ്ട്.