തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടികളുടെ വൈകിയോട്ടം മാര്‍ച്ചുവരെ തുടരും. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടെ മാറ്റാന്‍ കഴിഞ്ഞത് 40 കിലോമീറ്റര്‍ പാളമാണ്. 150 കിലോമീറ്റര്‍ പാളംകൂടി മാറ്റേണ്ടതുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികളുള്ളത്.

അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ പാളവും സ്ലീപ്പറും ഒരുമിച്ച് മാറ്റാന്‍ കഴിയുന്ന പ്രത്യേക യന്ത്രമെത്തിക്കും. ഇതിലൂടെ അഞ്ചുമണിക്കൂര്‍ കൊണ്ട് ഒരു കിലോമീറ്റര്‍ പാളവും സ്ലീപ്പറുകളും മാറ്റാനാകും. നിശ്ചിതസമയം തീവണ്ടി ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് പോരായ്മ. തീവണ്ടികളെപ്പോലെ പാളത്തില്‍ ഓടിക്കാന്‍ കഴിയുന്നതാണ് ഈ യന്ത്രം. അതുമാറ്റാതെ തീവണ്ടി കടത്തിവിടാനാകില്ല.

ജീവനക്കാരെ ഉപയോഗിക്കുകയാണെങ്കില്‍ അത്യാവശ്യഘട്ടങ്ങളില്‍ ജോലി നിര്‍ത്തിവെച്ച് തീവണ്ടി വേഗം കുറച്ച് കടത്തിവിടാന്‍ കഴിയും. 30 ജീവനക്കാര്‍ ഉള്‍പ്പെട്ട ഒരുസംഘത്തിന് ഒരുദിവസം പരമാവധി 150 മീറ്റര്‍ പാളമാണ് മാറ്റാന്‍ കഴിയുക. പരമാവധി ജീവനക്കാരെ നിയോഗിച്ചിട്ടും അറ്റകുറ്റപ്പണി തീര്‍ക്കാനാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് യന്ത്രസഹായം തേടിയത്. കായംകുളം-കൊല്ലം ലൈനില്‍ 2010-'11-ല്‍ യന്ത്രവത്കൃത അറ്റകുറ്റപ്പണി നടന്നിരുന്നു. അതിനുശേഷം ആദ്യമായിട്ടാണ് പാളംമാറ്റാന്‍ യന്ത്രമെത്തിക്കുന്നത്.

തീവണ്ടികള്‍ക്ക് കടുത്ത നിയന്ത്രണം തുടരുമെന്നാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരക്ഷയ്ക്ക് പരിഗണന നല്‍കി പാളങ്ങളുടെ കേടുപാടുകള്‍ പൂര്‍ണമായി തീര്‍ക്കാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. തീവണ്ടികള്‍ക്കിടയില്‍ നിശ്ചിതസമയം പാളങ്ങളുടെ അറ്റകുറ്റപ്പണിക്കുവേണ്ടി മാറ്റിവയ്ക്കാറുണ്ട്. ഇത്തരം ഇടവേളകള്‍ (ട്രാക്ക് മെയിന്റനന്‍സ് കോറിഡോര്‍) സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതായി. പുതിയ വണ്ടികള്‍ അനുവദിച്ചപ്പോള്‍ ഈസമയമാണ് അപഹരിക്കപ്പെട്ടത്. വാര്‍ഷിക അറ്റകുറ്റപ്പണി ഇതോടെ മുടങ്ങി.

പാളങ്ങള്‍ക്ക് പുറമേ സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇപ്പോള്‍ നടക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ സിഗ്നല്‍ കേബിളുകള്‍ പൂര്‍ണമായും പരിശോധിക്കേണ്ടതാണ്. തീവണ്ടികള്‍ വൈകുമെന്ന് കരുതി വര്‍ഷങ്ങളായി ഇതിന് അനുവദിച്ചിരുന്നില്ല. പാളങ്ങളുടെ അടിയിലെ കല്ലുകള്‍ ഇളക്കി അതിനിടയില്‍ അടിഞ്ഞിരിക്കുന്ന മണ്ണ് പത്തുവര്‍ഷത്തിലൊരിക്കല്‍ അരിച്ച് മാറ്റേണ്ടതാണ്. എന്നാല്‍, 17 വര്‍ഷത്തിന് ശേഷമാണ് പലസ്ഥലത്തും ഇതുചെയ്യുന്നത്. മണ്ണടിഞ്ഞ് പാളങ്ങള്‍ ഉറച്ചത് മിക്കയിടത്തും പൊട്ടലിന് ഇടയാക്കുന്നുണ്ട്.

ഡിസംബര്‍ മുതല്‍ മേയ് വരെയാണ് സംസ്ഥാനത്ത് പാളങ്ങളുടെ അറ്റകുറ്റപ്പണിക്ക് അനുയോജ്യമായ കാലാവസ്ഥയുള്ളത്. എന്നാല്‍, ശബരിമല, ക്രിസ്തുമസ്, പുതുവര്‍ഷ പ്രത്യേക തീവണ്ടികള്‍ കാരണം ജനുവരി 10 വരെ അറ്റകുറ്റപ്പണിക്ക് സമയം അനുവദിക്കാറില്ല.


റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: കമ്പാര്‍ട്ടുമെന്റുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് ഒട്ടിക്കുന്നത് ഉടന്‍ ഒഴിവാക്കിയേക്കും. ചെന്നൈയിലും മറ്റു പ്രധാനപ്പെട്ട സ്റ്റേഷനുകളിലും ഈ സംവിധാനം ഒഴിവാക്കിക്കഴിഞ്ഞു. റിസര്‍വേഷന്‍ വിവരങ്ങള്‍ ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ നല്‍കുന്നതിനാല്‍ ചാര്‍ട്ട് അച്ചടിച്ച് തീവണ്ടികളില്‍ ഒട്ടിക്കുന്നത് അപ്രസക്തമാണെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.