കാഞ്ഞങ്ങാട്: കണ്ണൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോഫീ വർക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ കോഫി ഹൗസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ലോക്ഡൗൺ കാലത്ത് അടച്ചിട്ടതും ഇപ്പോൾ പാർസൽ വിതരണം മാത്രമാക്കിയതുമെല്ലാം കോഫി ഹൗസിനെ ബാധിച്ചു. മുൻ വർഷങ്ങളിലേതുമായി കണക്കാക്കിയാൽ വരുമാനം 40 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂവെന്ന് സൊസൈറ്റി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവർഷം 3.78 ലക്ഷം രൂപയാണ് ലാഭം. കോവിഡ് കാലത്തിനുമുൻപ് ഒരുമാസം ആറരമുതൽ ഏഴുകോടി രൂപ വരെ വിറ്റുവരവുണ്ടായിരുന്നു. കോവിഡ് കാലത്ത് പാർസൽ മാത്രമാക്കിയപ്പോൾ വിറ്റുവരവ് ഒരുമാസം പോലും രണ്ടുകോടി രൂപയിൽ കൂടിയിട്ടില്ല. ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി. കോവിഡ് തുടങ്ങിയതുമുതൽ ജീവനക്കാർക്ക് തൊഴിൽദിനങ്ങൾ പാതിയോ അതിൽ കുറവോ ആയി പരിമിതപ്പെടുത്തി. ശമ്പളം നൽകുന്നതും അതനുസരിച്ചുതന്നെ. ഒരുമാസം മുഴുവൻ പണിയില്ലാത്തതും ശമ്പളം കുറഞ്ഞതും ജീവനക്കാരെയും സാമ്പത്തികപ്രതിസന്ധിയിലാക്കി. കാസർകോട്‌ മുതൽ പാലക്കാട്‌ വരെ 30 ശാഖകളാണുള്ളത്. ഇത്രയും ശാഖകളിലും ഹെഡ് ഓഫീസിലുമായി ആയിരത്തോളം ജീവനക്കാരുണ്ട്.

ആറ്‌ ശാഖകൾകൂടി തുറക്കുന്നു

ഇരുന്ന്‌ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും പ്രതിദിനവരുമാനം കൂടുകയും ചെയ്യുന്ന മുറയ്ക്ക് ആറ്‌ ശാഖകൾ കൂടി തുറക്കാനാണ് ഭരണ സമിതി ആലോചിക്കുന്നത്. കാസർകോട് ജില്ലയിൽ ഉദുമ, കാഞ്ഞങ്ങാട് പുതിയ കോട്ട, കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര, കോഴിക്കോട് സ്റ്റേഡിയം, പാലക്കാട് ജില്ലയിൽ വടക്കാഞ്ചേരി, പാലക്കാട് ടൗൺ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറക്കുക.