തൃശ്ശൂർ: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ കുരുമുളക് കർഷകരുടെ നട്ടെല്ലൊടിക്കുന്നു. 2006-ൽ യു.പി.എ. സർക്കാരിന്റെ കാലത്ത് ശ്രീലങ്കയുമായി ഒപ്പുവെച്ച ഇന്തോ-ശ്രീലങ്കൻ പ്രീപെയ്ഡ് കരാറിന്റെ മറവിലാണ് ടൺ കണക്കിന് കുരുമുളക് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത്. കരാറനുസരിച്ച് വർഷത്തിൽ ശ്രീലങ്കയിൽനിന്ന് 2500 ടൺ കുരുമുളക് ഇറക്കുമതി ചെയ്യാമെന്നാണ് വ്യവസ്ഥ. ശ്രീലങ്കയിൽനിന്നുള്ളതിന് പുറമെ വിയറ്റ്‌നാം, മഡഗാസ്‌കർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ള കുരുമുളക് ശ്രീലങ്കയിൽ ഉത്പാദിപ്പിച്ചതെന്ന് സർട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് ഇറക്കുമതി. കസ്റ്റംസ് തീരുവയിലും നികുതിയിലുമായി ശ്രീലങ്കയ്ക്ക് നൽകുന്ന ഇളവുകൾ മറ്റ് രാജ്യങ്ങളും ചൂഷണംചെയ്യുകയാണ്. കരാർ ഗുണം ചെയ്യുന്നത് മറ്റ് രാജ്യങ്ങളിലെ കുരുമുളക് കർഷകർക്കാണ്. നാട്ടിലെ കർഷകരാവട്ടെ അർഹമായ വില ലഭിക്കാത്തതിനാൽ കുരുമുളക് കൃഷിയിൽനിന്ന് പിൻവാങ്ങുന്ന സ്ഥിതിയിലുമാണ്.

2019-ൽ ശ്രീലങ്കയിൽനിന്ന് 3114 ടൺ കുരുമുളകും 2020-ൽ 4017 ടൺ കുരുമുളകുമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ (എസ്.എ.എഫ്.ടി.എ.) കരാറനുസരിച്ച് എട്ടുശതമാനം ഇറക്കുമതിത്തീരുവ നൽകിയും കൂടാതെ ഇന്തോ-ശ്രീലങ്ക ഫ്രീ ട്രേഡ് കരാർ (ഐ.എസ്.എഫ്.ടി.എ.) അനുസരിച്ച് 2500 ടൺ വേറെയും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാം. സാധാരണ കുരുമുളക് ഇറക്കുമതി ചെയ്യാൻ 70 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ശ്രീലങ്കയിൽനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്യുന്നത് വിലത്തകർച്ചയ്ക്ക് കാരണമാവുന്നുവെന്ന് കാണിച്ച് കേരളത്തിലെ കർഷകർ കേന്ദ്രസർക്കാരിന് മെമ്മോറാണ്ടം നൽകിയിരുന്നു. ശ്രീലങ്കയുമായുള്ള കരാറിൽ മാറ്റം വരുത്തുക എളുപ്പമല്ലാത്തതിനാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകകക്ഷിബന്ധത്തിന് വിള്ളലേൽക്കാതിരിക്കാനുമായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് മിനിമം വില 500 രൂപയാക്കി. എന്നിട്ടും കിലോയ്ക്ക് 40 രൂപ നികുതിയടച്ച് 540 രൂപ ചെലവാക്കി കൊണ്ടുവരുന്ന കുരുമുളക് 340 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ഇതിനു പിറകിൽ ഇറക്കുമതി ലോബിയുടെ ഹവാല ഇടപാട് നടക്കുന്നുണ്ടെന്നാണ് കർഷകരുടെ ആരോപണം.

2017 മുതലാണ് ഇന്ത്യയിൽ കുരുമുളകിന്റെ ഇറക്കുമതി വർധിച്ചത്. ആ വർഷം കുരുമുളകിന് കിലോയ്ക്ക് 650 രൂപ മുതൽ 700 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാലിപ്പോൾ വില 340-350 രൂപയിലുമെത്തി. ആ വർഷം 35,000 ടണ്ണോളമാണ് ഇന്ത്യയിൽ ഇറക്കുമതി നടന്നത്. വിയറ്റ്‌നാമിൽനിന്നുള്ള ചരക്ക് കൊളംബോ തുറമുഖം വഴി ശ്രീലങ്കൻ ഉത്‌പന്നമെന്ന വ്യാജേന കൊണ്ടുവന്നപ്പോഴാണ് ഈ വർഷം ഇറക്കുമതിയിൽ വർധനവുണ്ടായത്. കർഷകർ ഇതിനെതിരേ പ്രക്ഷോഭമുയർത്തിയിരുന്നു. നേരത്തെ മാർബിൾ, ചൈനയിൽനിന്ന് ടൈൽസ്, സൈക്കിൾ, കൊട്ടടയ്ക്ക തുടങ്ങിയവയും ഇത്തരത്തിൽ ഇറക്കുമതി ചെയ്തിരുന്നു. 60,000 മുതൽ 65,000 ടണ്ണാണ് ഇന്ത്യയുടെ വാർഷിക കുരുമുളക് ഉത്പാദനം. ഇതുതന്നെ ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന് തികയില്ല. ഇറക്കുമതി ചെയ്യുന്ന കുരുമുളക് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി അയയ്ക്കുകയാണ് ചെയ്യുക. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിൽ 35,000 ടണ്ണും ഉത്പാദിപ്പിക്കുന്നത് കർണാടക സംസ്ഥാനത്താണ്. 25,000 മുതൽ 30,000 ടൺ വരെയാണ് കേരളത്തിലെ ഉത്പാദനം. തമിഴ്‌നാട്ടിലാവട്ടെ 5,000 മുതൽ 7,000 ടൺ വരെയും ആന്ധ്രപ്രദേശ് 2,000-ത്തോളം ടൺ കുരുമുളകും ഉത്പാദിപ്പിക്കുന്നു.

content highlights: india-sri lanka trade deal affecting black pepper farmers