തിരുവനന്തപുരം: കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരേ നടപടിയെടുക്കാൻ ജുഡീഷ്യൽ അധികാരമുള്ള ഓംബുഡ്‌സ്മാന്‍ രൂപവത്കരിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പയിൻ കമ്മിറ്റി നിയോഗിച്ച സ്വതന്ത്ര ജനകീയ ജുഡീഷ്യൽ കമ്മിഷന്റെ ശുപാർശ.

പല കോളേജുകളിലും ഇടിമുറികളുണ്ടെന്ന് കമ്മിഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, എം.ജി. കോളേജ്, എറണാകുളം മഹാരാജാസ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലാണ് ഇടിമുറികളുള്ളത്.

വിദ്യാർഥിനികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമത്തിന്റെ മാതൃകയിൽ കലാലയങ്ങളിൽ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കണം. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

നിർബന്ധപൂർവം വിദ്യാർഥികളെ പ്രകടനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കാൻ പാടില്ല. യൂണിയന്റെ പേരിലോ സംഘടനകളുടെ പേരിലോ നിർബന്ധിത പണപ്പിരിവ് ഒഴിവാക്കണം. യൂണിയൻ തിരഞ്ഞെടുപ്പുകൾ സർവകലാശാല നിയോഗിക്കുന്നവരുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ചെയർമാനായ കമ്മിറ്റി ശുപാർശ ചെയ്യുന്നു.

എതിരില്ലാതെ നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ ഏകപക്ഷീയമല്ലെന്ന് ഉറപ്പുവരുത്തണം, പരാതികളുണ്ടെങ്കിൽ ഫലപ്രഖ്യാപനം തടഞ്ഞുവെച്ച് പരിശോധന നടത്തണം, സ്‌പോട്ട് അഡ്മിഷനുകൾ സർവകലാശാലകൾ നേരിട്ടുനടത്തണം, കോളേജുകളിൽനിന്നുള്ള മാറ്റം പൂർണമായും മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവണം, സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസുകളും ചോദ്യക്കടലാസുകളും ഓഡിറ്റ് ചെയ്യണം, പുനഃപ്രവേശനത്തിന് സർവകലാശാലാവ്യവസ്ഥകൾ പൂർണമായും പാലിക്കണം, റാഗിങ്‌വിരുദ്ധനിയമം കർശനമായി നടപ്പാക്കണം, അധ്യാപക രക്ഷാകർതൃസമിതി, വിദ്യാർഥി പരാതിപരിഹാര സെൽ, വനിതാസെൽ, റാഗിങ്‌വിരുദ്ധ സെൽ എന്നിവ എല്ലാ കലാലയങ്ങളിലും കൃത്യമായി പ്രവർത്തിപ്പിക്കണം.

മാനസികസമ്മർദം കാരണം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് പഠനം നിർത്തേണ്ടി വന്ന നിഖിലാ സജിത്തിന് പകർപ്പ് നൽകിക്കൊണ്ടാണ് കമ്മിഷൻ റിപ്പോർട്ട് പ്രകാശനംചെയ്തത്. യോഗത്തിൽ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ അധ്യക്ഷനായി. എം.ഷാജർഖാൻ, പ്രൊഫ. എം.ജി.ശശിഭൂഷൺ, ഡോ. മോളി മെർസിലിൻ, ഡോ. വിജയലക്ഷ്മി, അമൽചന്ദ്ര എന്നിവർ സംസാരിച്ചു.

Content Highlights: independent commission requires ombudsman to prevent clashes in college campuses