ആലപ്പുഴ: ജയിൽ അന്തേവാസികളിൽ യുവാക്കളുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് കഴിഞ്ഞവർഷം 18-നും 30-നുമിടെ പ്രായമുള്ള 2426 പേർ ജയിലിലുണ്ട്. ആകെ 7413 പേരാണ് വിവിധ ജയിലുകളിലുള്ളത്. 2018-ൽ ഈ പ്രായവിഭാഗത്തിലെ 1730 പേരാണുണ്ടായിരുന്നത്. 2017-ൽ 1620 പേരും. അടുത്തകാലത്തായാണ് യുവാക്കളുടെ എണ്ണത്തിൽ വർധനവന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

എൻ.ഡി.പി.എസ്. (നർക്കോട്ടിക് ഡ്രഗ്സ് ആൻഡ്‌ സൈക്കോട്രോപ്പിക്‌ സബ്സ്റ്റൻസസ്) ആക്ട് പ്രകാരമുള്ളവ, പോക്സോ, അബ്കാരി, മോഷണം, കൊലപാതകശ്രമം, പീഡനം, അടിപിടി തുടങ്ങിയ കേസുകളിലാണ് യുവാക്കൾ കൂടുതലും അകത്താകുന്നത്. അടുത്തകാലത്ത് കൂടുതൽ പേരെത്തുന്നത് പോക്സോ കേസുകളിലാണ്. അടിപിടി, പീഡനം, കഞ്ചാവ് കച്ചവടം തുടങ്ങിയ കേസുകളിലെല്ലാം യുവാക്കളെയാണ് കണ്ടുവരുന്നത്. 50 വയസ്സിന് മുകളിലുള്ളവർ ഇത്തരം കേസുകളിൽ കുറവാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ്‌ കറക്‌ഷണൽ സർവീസസ് എസ്. സന്തോഷ് പറഞ്ഞു.

കൊല്ലം ജില്ലയിലാണ് പോക്സോ കേസിൽ ഈ പ്രായവിഭാഗത്തിലെ കൂടുതൽപേരുള്ളത് -26 പേർ. മോഷണക്കേസിൽ 11 പേർ കോഴിക്കോട് ജില്ലാ ജയിലിലും എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 16 പേർ പാലക്കാട് ജില്ലാ ജയിലിലുമുണ്ട്.

മയക്കുമരുന്നിന്റെ സ്വാധീനം

മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം കൗമാരക്കാരിലാണ് കൂടുതൽ സ്വാധീനമുണ്ടാക്കുന്നത്. അത് അവരുടെ മാനസികനിലയെ മാറ്റിമറിക്കും. ഇപ്പോൾ 12-15 വയസ്സിൽ കുട്ടികൾ ലഹരി ഉപയോഗിച്ചുതുടങ്ങുന്നു. ഇതുമൂലം തലച്ചോറിന്റെ പ്രവർത്തനത്തിൽ വ്യത്യാസം വരുന്നു. ഇവരിൽ ക്രിമിനൽ സ്വഭാവം കണ്ടുവരാൻ സാധ്യത കൂടുതലുണ്ട്.

-ഡോ. വർഗീസ് പി. പുന്നൂസ് (മനഃശാസ്ത്രജ്ഞൻ, മെഡിക്കൽ കോളേജ്, ആലപ്പുഴ)

Content Highlights: Increasing numbers of youths in state prisons