കൊച്ചി: മദ്യവിൽപ്പനശാലകളുടെ സൗകര്യം വർധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വിൽപ്പനശാലകളുടെ എണ്ണം വർധിപ്പിക്കണമെന്ന ബിവറേജസ് കോർപ്പറേഷൻ നിലപാട് സംശയകരം. കേരളത്തിൽ 1,12,745 പേർക്ക് ഒരു മദ്യശാലയേയുള്ളൂ എന്നാണ് കോർപ്പറേഷന്റെ കണക്ക്. സംസ്ഥനത്തെ ആകെ ജനസംഖ്യയായ 3.45 കോടിയെ മദ്യശാലകളുടെ ആകെ എണ്ണമായ 306 കൊണ്ട് ഹരിച്ചുകൊണ്ടുള്ള കണക്കാണിത്.

മദ്യശാലകളിലെല്ലാം കംപ്യൂട്ടർ അധിഷ്ഠിത ബില്ലിങ്ങായതിനാൽ ദിവസം മദ്യം വാങ്ങാനെത്തുന്നവരുടെ ശരാശരി കണക്ക് എളുപ്പം കണ്ടെത്താം. ഇതിന് ശ്രമിക്കാതെയാണ് ബെവ്കോ കുറുക്കുവഴി സ്വീകരിച്ചിരിക്കുന്നത്. ഈ കണക്ക് ശരിവെച്ചാൽ കേരളത്തിൽ കുട്ടികളടക്കം മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് പറയേണ്ടിവരുമെന്ന് മദ്യവർജന പ്രവർത്തകർ പറയുന്നു. നിലവിലെ 306 മദ്യവിൽപ്പനശാലകൾക്കുപുറമേ 175 വിൽപ്പനശാലകൾകൂടി ആരംഭിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം.

വിൽപ്പനശാലകളുടെ എണ്ണക്കുറവാണ് തിരക്കിന് കാരണമെന്ന് സ്ഥാപിക്കാൻ അയൽസംസ്ഥാനങ്ങളിലെ കണക്കും ബെവ്കോ അവതരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ 12,705 പേർക്ക് ഒന്നെന്നനിലയിലും കർണാടകത്തിൽ 7851 പേർക്ക് ഒന്നൊന്നനിലയിലും വിൽപ്പനശാലകളുണ്ടെന്നാണ്‌ ബെവ്കോ പറയുന്നത്. കേരളത്തിൽ ഒരു ജില്ലയിൽ ശരാശരി ഇരുപത്തിയൊന്നിലധികം മദ്യശാലകൾ ഉള്ളപ്പോൾ എണ്ണം വർധിപ്പിക്കുന്നത് ഉപഭോഗം കൂടാൻ ഇടയാക്കുമെന്നാണ് മദ്യവർജനപ്രവർത്തകർ പറയുന്നത്.

സൗകര്യമുള്ള വിശാലമായ ഇടങ്ങളിലേക്ക് മദ്യശാലകൾ മാറ്റിയാൽ തിരക്ക് കുറയ്ക്കാൻ കഴിയും. നിലവിൽ പല ഷോപ്പുകളുടെയും മുൻവശം കമ്പിവല ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. അതിനാൽ മദ്യം വാങ്ങാനെത്തുന്നവർ റോഡിലും നടപ്പാതകളിലുമൊക്കെ വരിനിൽക്കേണ്ട അവസ്ഥയാണ്.

വിൽപ്പനശാലകളെ ആധുനിക കാലഘട്ടത്തിനു ചേർന്നവിധം പരിഷ്‌കരിക്കണമെന്നാണ് കോടതി പറയുന്നത്. അതിന് ശ്രമിക്കാതെ വിൽപ്പനശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന വിമർശനവും ശക്തമാണ്.