തിരുവനന്തപുരം: തൃശ്ശൂർ ചായ്‌പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആൽബിൻ പോൾ (30) ഇനി ആറുപേരിലൂടെ ജീവിക്കും. മസ്തിഷ്കമരണം സംഭവിച്ച ആൽബിൻ പോളിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ആറുപേർക്ക് പുതുജീവനേകുക. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനിവഴിയാണ് അവയവദാന പ്രക്രിയ പൂർത്തിയാക്കിയത്.

ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും ഒക്ടോബർ 18-ന് പുലർച്ചെ 3.15-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുന്നതിനിടെ യാത്രചെയ്ത കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഭേദമായി സഹോദരൻ നേരത്തേ ആശുപത്രി വിട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ആർബിന് കഴിഞ്ഞദിവസമാണ് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് പിതാവ് പൗലോസ് ആൽബിന്റെ അവയവങ്ങൾ ദാനംചെയ്യാൻ സമ്മതം അറിയിക്കുകയായിരുന്നു.

ഗൾഫിലായിരുന്ന ആൽബിൻ പോൾ ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനിൽ ബിസിനസ് െഡവലപ്പ്‌മെന്റ് എക്സിക്യുട്ടീവായിരുന്നു. രണ്ടുവർഷംമുമ്പായിരുന്നു വിവാഹം. ഭാര്യ എയ്ഞ്ചൽ. നാലുമാസം പ്രായമായ കുഞ്ഞുണ്ട്. മാതാവ്: ബീന.

ഹൃദയം ചെന്നൈയിൽ

കേരളത്തിൽ രജിസ്റ്റർചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയുള്ളവർ ഇല്ലാത്തതിനാൽ നടപടിക്രമങ്ങൾ പാലിച്ച് ചെന്നൈയിലെ റെല ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് അനുവദിക്കുകയും വിമാനമാർഗം കൊണ്ടുപോകുകയുംചെയ്തു. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്.

സംസ്ഥാനം കടന്നുള്ള അവയവദാനപ്രക്രിയ സുഗമമാക്കാൻ മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി. കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂർത്തീകരിക്കുന്നത്.

Content Highlights: In death, 30-year-old gifts new lease of life to six people