ഐ.ഡി.എ. ജൂബിലി സമ്മേളനം തുടങ്ങി
 
കൊച്ചി: താമസിയാതെ കൊഴിഞ്ഞുപോകുമെന്നതിനാല്‍ കുട്ടികളുടെ പാല്‍പ്പല്ലുകളിലെ തകരാറുകള്‍ പരിഹരിക്കേണ്ടതില്ലെന്നത് തെറ്റിദ്ധാരണയാണെന്ന് ദന്തരോഗ വിദഗ്ദ്ധര്‍. പുഴുപ്പല്ലുള്ള കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഭാവിയിലുണ്ടാക്കുന്ന പല്ലുകള്‍ക്കും തകരാറുകള്‍ സംഭവിക്കാം. ദന്തരോഗങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടാന്‍ ജനങ്ങള്‍ക്ക് വൈമുഖ്യമുണ്ട്. രോഗലക്ഷണങ്ങള്‍ തീവ്രമാകുമ്പോള്‍ മാത്രം ഡോക്ടറെ സമീപിക്കുന്നതുകൊണ്ടാണ് ദന്തചികിത്സയ്ക്ക് പലപ്പോഴും ചെലവേറുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ (ഐ.ഡി.എ.) സംസ്ഥാന ഘടകത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളിലാണ് ഇവര്‍ അഭിപ്രായം പങ്കുവച്ചത്.

മോണരോഗം ഉള്ളവര്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ മോണയിലെ അണുബാധയാണ് ഹൃദയ തകരാറിന് വഴിതെളിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മൗത്ത് വാഷ്, പേസ്റ്റ് എന്നിവ നിര്‍ദിഷ്ട കാലയളവില്‍ മാത്രമേ ഉപയോഗിക്കാവു. സംസ്ഥാനത്ത് 20 ശതമാനം ആളുകള്‍ മാത്രമേ പൂര്‍ണമായും ദന്താരോഗ്യമുള്ളവരായിട്ടുള്ളൂവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഗര്‍ഭിണികള്‍ ഏറെ സൂക്ഷിക്കണം

പല്ലുകളുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ശുചിത്വത്തിലും ഗര്‍ഭിണികള്‍ക്ക് വളരെയേറെ സൂക്ഷിക്കാനുണ്ട്. ഗര്‍ഭകാലത്തിന്റെ ആദ്യത്തെയും അവസാനത്തെയും മൂന്നു മാസങ്ങള്‍ പല്ലുവേദനയും മറ്റും ചികിത്സിക്കാന്‍ കഴിയില്ല. ശക്തമായ ആന്റിബയോട്ടിക്കുകള്‍ ഈ സമയത്ത് കഴിക്കാന്‍ പാടില്ലായെന്നതാണ് കാരണം. പല്ലിന്റെ ആരോഗ്യത്തെപ്പറ്റി സംശയമുള്ളവര്‍ ഗര്‍ഭ പരിചരണം തുടങ്ങുന്ന സമയത്തുതന്നെ ദന്തരോഗ വിദഗ്ദ്ധനെയും കാണണം.

ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച തുടര്‍ പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഐ.ഡി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാബു കുര്യന്‍ നിര്‍വഹിച്ചു. ദേശീയ പ്രസിഡന്റ് ഡോ. വിശ്വാസ് പുരാണിക്, ഡോ. വി.എ. അഫ്‌സല്‍, ഡോ. ജി. സുരേഷ്‌കുമാര്‍, ഡോ. ബാലു സോമന്‍, ഡോ. സിബി ടി. ചേന്നങ്കര, ഡോ. സിജു പൗലോസ്, ഡോ. കെ.സി. തോമസ്, ഡോ. ജി. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു. ഹൈബി ഈഡന്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായി. സമ്മേളനം ഞായറാഴ്ച സമാപിക്കും. രണ്ടായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്.