കണ്ണൂർ: ജാമ്യം കിട്ടിയിട്ടും കെ.സുരേന്ദ്രനെ അനധികൃതമായി ഒന്നരദിവസം ജയിലിൽ പാർപ്പിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. നിലയ്ക്കലിൽനിന്ന് കസ്റ്റഡിയിലെടുത്ത സുരേന്ദ്രന് 21-ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. വൈകീട്ട് അഞ്ചുമണിക്ക് സുരേന്ദ്രന്റെ കൂടെ കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചു. എന്നാൽ, 23-ന് രണ്ടാമത്തെ കേസിന്റെ പ്രൊഡക്‌ഷൻ വാറന്റ് പ്രകാരം റിമാൻഡ് ചെയ്യുന്നതുവരെ സുരേന്ദ്രനെ അകാരണമായി ജയിലിൽ പാർപ്പിക്കുകയായിരുന്നു. ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ജയിൽ ഉദ്യോഗസ്ഥർ നടത്തിയത്. അകാരണമായി ജയിലിൽ അടച്ചതിന് മുഖ്യമന്ത്രിയെക്കൊണ്ട് നിയമപരമായി ബി.ജെ.പി. മറുപടി പറയിക്കും. ആരുടെ നിർദേശപ്രകാരമാണ് കെ.സുരേന്ദ്രനെ ജയിലിൽനിന്ന് മോചിപ്പിക്കാതിരുന്നത് എന്നകാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കണം -അദ്ദേഹം പറഞ്ഞു.

ശബരിമലയിലേക്ക് പ്രവർത്തകരെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിൽ പുറത്തിറങ്ങിയത് വ്യാജസർക്കുലറാണ്. ഈ സർക്കുലർ ഉപയോഗിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ശബരിമലയിൽ അയ്യപ്പഭക്തരെ പരിശോധിക്കുന്നതിന് തെറ്റില്ല എന്ന വിധി സർക്കാർ സമ്പാദിച്ചത്. ഇതിനെതിരേയും നിയമപോരാട്ടം നടത്തും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശും സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ.രഞ്ജിത്തും മാനനഷ്ടത്തിന് കേസ് നൽകും. കണ്ണൂരിലെ സി.പി.എം. നേതൃത്വവും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ സർക്കുലർ. അതിനാൽ ഇതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം.

ഭക്തർ ശബരിമലയിലെത്താത്തത് പോലീസ് നിയന്ത്രണങ്ങൾ കാരണമാണ്. എന്നാൽ, ഇത്‌ മറച്ചുവെക്കുന്ന സത്യവാങ്മൂലമാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് കോടതിയിൽ കൊടുത്തത്. ഭക്തരുടെ പ്രശ്നം അറിയിക്കാത്ത ദേവസ്വം ബോർഡ് രാജിവെക്കണം. കെ.സുരേന്ദ്രനെ മണ്ഡലകാലം കഴിയുന്നതുവരെ ജയിലിൽ അടയ്ക്കാനാണ് നീക്കം. ഇതിനായി പുതിയ കള്ളക്കേസുകൾ മെനയുകയാണെന്നും എം.ടി.രമേഷ് പറഞ്ഞു.

പഞ്ചായത്തുകളിൽ അയ്യപ്പസദസ്സ്

എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ബി.ജെ.പി.യുടെ നേതൃത്വത്തിൽ അയ്യപ്പസദസ്സ് വിളിച്ചുചേർക്കും. ഡിസംബർ അഞ്ചുമുതൽ പത്തുവരെയാണിത്. അയ്യപ്പഭക്തരുടെ സമ്മേളനത്തിൽ സി.പി.എം. ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാട് വെളിച്ചത്തുകൊണ്ടുവരും. വിശ്വാസി സമൂഹത്തിന്റെ ഒപ്പുശേഖരണം നടത്തി ഗവർണർക്ക് സമീപിക്കും -രമേഷ് പറഞ്ഞു