കണ്ണൂർ: കോവിഡ് കാരണം ബാറുകൾ അടയ്ക്കുകയും മദ്യവിതരണം നിലയ്ക്കുകയും ചെയ്തതോടെ രഹസ്യമായി വീടുകളിൽ മദ്യം വാറ്റാനുള്ള ശ്രമം കൂടിയതായി വിവരം. പ്രഷർകുക്കറും മറ്റും ഉപയോഗിച്ച് പല വീടുകളിലും വാറ്റ് നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. മദ്യം ഉണ്ടാക്കാനുള്ള ക്ലാസ് ഇപ്പോൾ യൂട്യൂബിലും വ്യാപകമായിരിക്കയാണ്.

യൂട്യൂബിലെ ക്ലാസുകൾക്ക് വൻതോതിൽ ലൈക്കും കമന്റുമാണ് ലഭിക്കുന്നത്. വിദേശത്തുള്ളവരാണ് ഇത് പഠിപ്പിക്കുന്നത്. ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്നും അവർ ഉപദേശിക്കുന്നുമുണ്ട്.

വീടുകളിൽനിന്ന് സ്വകാര്യമായി വാറ്റുന്നത് പിടിക്കപ്പെട്ടാൽ അത് അനധികൃത മദ്യനിർമാണത്തിന്റെ പരിധിയിൽ വരുമെന്നും ഇതിന് പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം. അൻസാരി ബീഗു പറഞ്ഞു. ചില കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്ന് 20 ലിറ്റർ കോട പിടികൂടിയിരുന്നു. ഇതിൽനിന്ന് ഏഴുലിറ്റർവരെ ചാരായം ഉണ്ടാക്കാൻ പറ്റും-അദ്ദേഹം പറഞ്ഞു.

കോവിഡ് കാലമായതിനാൽ ഇതുസംബന്ധിച്ച് വിവരം ലഭിക്കാനും പരിശോധന നടത്താനും സാഹചര്യം കുറവാണ്. പിടിക്കപ്പെട്ടവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം. നൂലാമാലകൾ ഉണ്ടെങ്കിലും അനധികൃത മദ്യനിർമാണവും വിൽപ്പനയും തടയുന്നുണ്ടെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. വീടുകളിൽ മദ്യം ഉണ്ടാക്കാനുള്ള വഴിപറഞ്ഞുകൊടുക്കുന്ന വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീട്ടിനുള്ളിലായതിനാൽ അന്വേഷിച്ച് നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ട്-അദ്ദേഹം പറഞ്ഞു.

ചില അരിഷ്ടങ്ങളിൽ മദ്യം ചേർത്ത് വിതരണംചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരിഷ്ടങ്ങളിൽ സ്വാഭാവികമായിത്തന്നെ ആൽക്കഹോളിന്റെ അംശം ഉണ്ടാവും. അത് 12 ശതമാനംവരെ വരും. കള്ളിൽ 8.1-ൽ കൂടുതൽ വന്നാൽ അതും അനധികൃതമാകും. വീഞ്ഞുപോലും ഉണ്ടാക്കാൻ നിയമം അനുവദിക്കുന്നില്ല-അൻസാരി ബീഗു പറഞ്ഞു.

ബാറുകളും മദ്യവിതരണകേന്ദ്രങ്ങളും അടച്ചതോടെ അയൽസംസ്ഥാനത്തുനിന്നുള്ള കടത്ത് കൂടിയിട്ടുണ്ട്. നേരത്തെ വാങ്ങിസൂക്ഷിച്ച മദ്യം അഞ്ചും പത്തും ഇരട്ടി വിലയ്ക്ക് വിൽക്കുന്നുമുണ്ട്. മലയോരമേഖലകളിലും മറ്റും നാടൻവാറ്റുകാരും രംഗത്തുണ്ട്.