തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തിരശ്ശീല വീഴും. ചൊവ്വാഴ്ച ഹർത്താലായിരുന്നിട്ടും നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.
65 ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുക. പോട്ട്പൗരി ഇന്ത്യ വിഭാഗത്തിൽ റിമാ ദാസിന്റെ ‘ബുൾബുൾ കാൻ സിങ്ങി’ന്റെ ആദ്യ പ്രദർശനം നടക്കും. തന്റെ കൂട്ടുകാരിക്കുണ്ടായ ദുരനുഭവത്തിലൂടെ ഗ്രാമീണജീവിതത്തിന്റെ വൈരുധ്യങ്ങൾ തിരിച്ചറിയുന്ന ബുൾബുളിന്റെ ജീവിതകഥയാണ് പ്രമേയം. മത്സരചിത്രങ്ങളായ ‘ടെയിൽ ഓഫ് ദി സീ’, ‘ദി ഗ്രേവ്ലെസ്’, ‘എൽ ഏയ്ഞ്ചൽ’, ‘ഡെബ്റ്റ്’, ‘ദി ബെഡ്’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ‘റോജോ’, ‘ഡൈ റ്റുമാറോ’, ‘ബോർഡർ’, ‘കാപ്പർനം’, ‘ഷോപ് ലിഫ്റ്റേഴ്സ്’ തുടങ്ങി ലോക സിനിമാ വിഭാഗത്തിലെ 25 ചിത്രങ്ങളും ബുധനാഴ്ച പ്രേക്ഷകർക്കു മുന്നിലെത്തും.
ഹോപ്പ് ആൻഡ് റീബിൽഡിങ് വിഭാഗത്തിൽ ‘പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേഡും’ പ്രദർശിപ്പിക്കും. മലയാള സിനിമ വിഭാഗത്തിൽ ‘കോട്ടയം’, ‘ഓത്ത്’, ‘മായാനദി’, ‘പറവ’, ‘ഹ്യൂമൻസ് ഓഫ് സംവൺ’ എന്നീ സിനിമകളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഡോ. ബിജുവിന്റെ ‘പെയിന്റിങ് ലൈഫ്’, കൊണാർക്ക് മുഖർജിയുടെ ‘അബ്രഹാം’, നന്ദിതാ ദാസിന്റെ ‘മന്റോ’ എന്നിവയും പ്രദർശിപ്പിക്കും.
റിമംബറിങ് ദി മാസ്റ്റർ വിഭാഗത്തിൽ ചെക്ക് സംവിധായകനായ മിലോസ് ഫോർമാന്റെ ആറ്് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സംവിധായകൻ പത്മരാജനോടുള്ള ആദരസൂചകമായി സുമേഷ് ലാലിന്റെ ‘ഹ്യൂമൻസ് ഓഫ് സംവണും’ വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരവായി സംഗീതസന്ധ്യയും ഒരുക്കി. വ്യാഴാഴ്ച 37 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വോട്ടിങ് ഇന്നുമുതൽ
മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ബുധനാഴ്ച രാവിലെ 10-ന് തുടങ്ങും. ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ്. വഴിയും മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിന് വോട്ട് ചെയ്യാം.
നടിക്കുണ്ടായ ദുരനുഭവം സ്ത്രീസമൂഹത്തിന്റേത് -മീനാക്ഷി ഷെഡ്ഡെ
മലയാളസിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീസമൂഹത്തിനുണ്ടായ അപമാനമാണെന്ന് ചലച്ചിത്രനിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരേ സിനിമാരംഗത്തുനിന്നുണ്ടായ എതിർശബ്ദങ്ങൾക്ക് താൻ പിന്തുണ പ്രഖ്യാപിക്കുന്നതായും അവർ പറഞ്ഞു. ‘ഇന്ത്യൻ സിനിമയിലെ സ്ത്രീസ്വാധീനം’ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘മലയാളസിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുടെ പ്രവർത്തനങ്ങൾ ചലച്ചിത്രരംഗത്തുള്ള സ്ത്രീകൾക്കു ധൈര്യം പകരുന്നുണ്ട്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളിലെ വനിതാ ചലച്ചിത്രപ്രവർത്തകർ പിന്തുടരണം. അപമാനങ്ങളെ ചോദ്യംചെയ്യാൻ ‘മീ ടു’ കാമ്പയിൻ സ്ത്രീസമൂഹത്തിനാകെ ശക്തിനൽകുന്നുണ്ട്’- അവർ വ്യക്തമാക്കി.
Content Highlight: 23rd IFFK 2018