പാലക്കാട്: കേരളത്തിന്റെ ഇക്കൊല്ലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) അഞ്ചുദിവസത്തെ പാലക്കാട് പതിപ്പോടെ വെള്ളിയാഴ്ച സമാപിച്ചു. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം പുരസ്കാരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനംചെയ്ത ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ’ നേടി. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘ചുരുളി’ തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യാന്തര മത്സരവിഭാഗത്തിൽ മികച്ച സംവിധായകനെ കണ്ടെത്താനുള്ള വിധിനിർണയസമിതിയുടെ പ്രത്യേക പരാമർശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. മികച്ച സംവിധായകനുള്ള രജതചകോരം ‘ദ നെയിംസ് ഓഫ് ദ ഫ്ളവേഴ്‌സി’ന്റെ സംവിധായകൻ ബാഹ്‌മാൻ തവോസി നേടി. മികച്ച നവാഗതസംവിധായകനുള്ള രജതചകോരം നേടിയത് ‘ലോൺലി റോക്കി’ന്റെ സംവിധായകൻ അലഹാൻഡ്രോ റ്റെലമാക്കോ ടറാഫാണ്.

മികച്ച ചിത്രത്തിനുള്ള ‘ഫിപ്രസി’ രാജ്യാന്തര പുരസ്കാരത്തിന് അസർബൈജാനിൽനിന്നുള്ള ‘ഇൻ ബിറ്റ്‌വീൻ ഡയിങ്’ അർഹമായി. ഹിലാൽ ബൈഡ്രോവാണ് ചിത്രത്തിന്റെ സംവിധായകൻ. ഈവിഭാഗത്തിലെ മികച്ച മലയാളചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനംചെയ്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗതസംവിധായകനുള്ള എഫ്.എഫ്എസ്.എ.- കെ.ആർ. മോഹനൻ പുരസ്കാരം അക്ഷയ് ഇൻഡിക്കറിനാണ് (ചിത്രം- സ്ഥൽപുരാൺ). മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ‘നെറ്റ്പാക്’ പുരസ്കാരവും ഈചിത്രത്തിനാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള ‘നെറ്റ്പാക്’ പുരസ്‌കാരം വിപിൻ ആറ്റ്‌ലി സംവിധാനംചെയ്ത ‘മ്യൂസിക്കൽ ചെയർ’ നേടി.

സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. പുരസ്കാരങ്ങൾ ഐ.എഫ്.എഫ്.കെ. ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ പ്രഖ്യാപിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കമൽ, ബീനാ പോൾ, സിബി മലയിൽ, കെ.വി. ജോസഫ് തുടങ്ങിയവർ പുരസ്കാരങ്ങൾ വിതരണംചെയ്തു. ഐ.എഫ്.എഫ്.കെ. സംഘാടകസമിതി ജനറൽ കൺവീനർ ടി.ആർ. അജയൻ, ചലച്ചിത്ര അക്കാദമി െസക്രട്ടറി സി. അജോയ് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: IFFK: 'This Is Not a Burial' wins Suvarna Chakoram