തിരുവനന്തപുരം: ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) ഫെബ്രുവരിയിലേക്ക് നീട്ടി. 26-ാമത് മേള 2022 ഫെബ്രുവരി നാലുമുതൽ 11 വരെ തിരുവനന്തപുരത്ത് നടക്കും.

ഫെബ്രുവരി നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ടുദിവസം നീളുന്ന മേള എല്ലാ പ്രൗഢിയോടെയും നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിലാണ് ഡിസംബറിൽ നടക്കേണ്ട മേള നീട്ടുന്നത്. ഡിസംബർ ആകുമ്പോഴേക്ക് കോവിഡ് നിരക്ക് കുറയുകയും തിയേറ്ററുകളിൽ മുഴുവൻസീറ്റുകളിലും ആളെ ഇരുത്താൻ കഴിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ജൂലായിൽ നടത്താൻ കഴിയാതിരുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ.) ഡിസംബർ ഒൻപതുമുതൽ നടത്തും. ഡിസംബർ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്‌സ് എസ്.എൽ. തിയേറ്റർ കോംപ്ലക്സിലെ നാല് സ്‌ക്രീനുകളിലായാണ് ഡോക്യുമെന്റി മേള നടക്കുക.

Content Highlights: iffk postponed to february