തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സുവർണചകോരം ഇറാനിയൻ ചിത്രമായ ‘ദി ഡാർക്ക് റൂമി’ന്. റൗഹള്ള ഹെജാസിയാണ് തിരക്കഥയും സംവിധാനവും. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യ്ക്കാണ്.

മികച്ച സംവിധായകനുള്ള രജതചകോരത്തിന് മലയാള ചിത്രമായ ഇൗ.മ.യൗ.വിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. ഗോവൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനും നടനുമുള്ള പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിരുന്നു. അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇൗ.മ.യൗ. നേടി.

മികച്ച നവാഗത സംവിധായകർക്കുള്ള രജത ചകോരം ‘ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്’ന്റെ സംവിധായിക അനാമിക ഹസ്‌കർ നേടി. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്‌നറുടെ ‘ദി സൈലൻസ്’ എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

ഇന്ത്യയിലെ മികച്ച നവാഗതചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത ‘മനോഹർ ആൻഡ് ഐ’ കരസ്ഥമാക്കി. വിനു കോളിച്ചാൽ സംവിധാനം ചെയ്ത ‘ബിലാത്തിക്കുഴൽ’ ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണംചെയ്തു.