തിരുവനന്തപുരം : സെൻസർ ബോർഡ് തന്റെ സിനിമയ്ക്ക് ആദ്യം ‘എ’ സർട്ടിഫിക്കറ്റ് വിധിച്ചപ്പോൾ, സംവിധായകൻ അശ്വിൻ വെറുതേയിരുന്നില്ല. പ്രതികരിച്ചു. സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിക്ക് തുറന്ന കത്തെഴുതി വിഷയം ചർച്ചയാക്കി. ഒടുവിൽ ചിത്രത്തിന് ‘യു.എ.’ സർട്ടിഫിക്കറ്റ് ലഭിച്ചു. രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ‘നോ ഫാദേഴ്‌സ് ഇൻ കശ്മീർ’ എന്ന ചിത്രത്തിനുപിന്നിലും പ്രമേയംപോലെത്തന്നെ പോരാട്ടത്തിന്റെ കഥയുണ്ടായിരുന്നു.

‘ലിറ്റിൽ ടെററിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ഓസ്‌കർ നോമിനി എന്ന നേട്ടം അശ്വിന്റെ പേരിലാണ്. ഇന്ത്യയിൽനിന്ന് ഓസ്‌കർ എൻട്രി ലഭിച്ച ഏക ഷോർട്ട് ഫിലിമും കൂടിയായിരുന്നു അശ്വിൻ 2004-ൽ സംവിധാനംചെയ്ത ലിറ്റിൽ ടെററിസ്റ്റ്. കൂടാതെ ഇരുനൂറിലധികം മേളകളിൽനിന്ന് 24 അവാർഡുകളും സ്വന്തമാക്കി.

കശ്മീരിനെക്കുറിച്ചുള്ള പരമ്പരകളിലൂടെ രണ്ടുതവണ ദേശീയ അവാർഡ് ജേതാവായ അദ്ദേഹം റോഡ് ടു ലഡാക്ക് (ഇർഫാൻ ഖാൻ), ഡെയ്‌സ്ഡ് ഇൻ ഡൂൺ, ദി ഫോറസ്റ്റ് (ജാവേദ് ജാഫ്റി), ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള സംഘടന (യു.എൻ.എച്ച്.സി.ആർ.) ക്കു വേണ്ടി ‘ഐ ആം നോട്ട് ഹിയർ’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. നാടകമേഖലയിൽ സംവിധായകനായി തുടക്കംകുറിച്ച അശ്വിൻ യൂറോപ്യൻ ഫിലിം അക്കാദമിയിലെ വോട്ടിങ് അംഗം കൂടിയാണ്.

‘പ്രത്യാശയും ക്ഷമിക്കാനുള്ള മനസ്സുമാണ് മനുഷ്യന്റെ നിലനില്പിനുതന്നെ ആധാരം. ഈ ആശയമാണ് താൻ നോ ഫാദേഴ്‌സ് ഇൻ കശ്മീരിലൂടെ പറയുന്നത്’- അശ്വിൻ പറഞ്ഞു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സ്നേഹത്തിന്റെയും നഷ്ടപ്പെടലിന്റെയും സൗഹൃദത്തിന്റെയും വഞ്ചനയുടെയും കഥയാണിതെന്നും അശ്വിൻ പറഞ്ഞു. ഐ.എഫ്.എഫ്.കെ. വേദിയിൽ നടന്ന ആദ്യ പ്രദർശനത്തിൽ ശശി തരൂർ എം.പി. മുഖ്യാതിഥിയായി. കഴിഞ്ഞമാസം യു.കെ.യിൽ മാധ്യമങ്ങൾക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ ചിത്രം ഏറെ പ്രശംസനേടിയിരുന്നു.

Content Highlights: IFFK 2019 No Father's in Kashmir