പനജി: നവംബർ 20 മുതൽ 28 വരെ പനജിയിൽ നടക്കുന്ന 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള പ്രതിനിധി രജിസ്‌ട്രേഷൻ തുടങ്ങി. ഓൺലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്. 1000 രൂപയാണ് ഫീസ്. സിനിമയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദ്യാർഥികൾ ഫീസ് നൽകേണ്ടതില്ല.

രണ്ടുവർഷം പ്രതിനിധികളായി പങ്കെടുത്തവരുടെ അപേക്ഷകളിൽ 24 മണിക്കൂറിനകം തീർപ്പുണ്ടാകും. അല്ലാത്തവരുടെ അപേക്ഷകളിൽ 48 മണിക്കൂറിനകം തീരുമാനമുണ്ടാകും. www.iffigoa.org, http://www.iffigoa.org എന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷിക്കേണ്ടത്.

മുഖ്യചടങ്ങുകൾ ഗോവ സർവകലാശാലയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ്. എന്നാൽ ഉദ്ഘാടനചിത്രം പനജി കലാ അക്കാദമി ഓഡിറ്റോറിയത്തിലാകും പ്രദർശിപ്പിക്കുക. ഇത്തവണ ആദ്യമായി സ്‌പോർട്‌സ് ചിത്രങ്ങൾ ‌പ്രദർശിപ്പിക്കും. അന്തരിച്ച നടന്മാരായ ശശി കപൂർ, വിനോദ് ഖന്ന, നടി ശ്രീദേവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ച് അവരുടെ മികച്ച ചിത്രങ്ങളും പ്രദർശിപ്പിക്കും.

മേള നടക്കുന്ന പനജിയിലെ ഇനോക്‌സ് മൾട്ടിപ്ലക്സിന് സമീപമുള്ള മൈതാനത്തൊരുക്കുന്ന ബയോസ്‌കോപ്പ് വില്ലേജിൽ ദിവസംതോറും കുട്ടികൾക്കായുള്ള ചിത്രങ്ങൾ, ഹിന്ദി, മറാത്തി ഭാഷകളിലെ ജനപ്രിയസിനിമകൾ എന്നിവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. 150 പേർക്കിരിക്കാവുന്ന താത്‌കാലിക ഓഡിറ്റോറിയവും ഇവിടെ ഒരുക്കും.

പ്രധാന വേദിയിൽ ഇത്തവണ കപൂർ സിനിമകളുടെ പ്രത്യേക പ്രദർശനം ഉണ്ടാകും. പൃഥ്വിരാജ് കപൂർ മുതൽ രൺബീർ കപൂർ വരെയുള്ളവരുടെ ജനപ്രിയചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ടാകും. കപൂർ സിനിമാകുടുംബത്തിലെ ഒരാൾ ഇതിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാന ചലച്ചിത്രതാരങ്ങളുടെയും ചലച്ചിത്രസംവിധായകരുടെയും മുഖാമുഖം ദിവസേന പ്രത്യേക പവലിയനിൽ നടക്കും. ഫിലിം ബസാർ, ഡി.ജെ.മ്യൂസിക് ഷോ തുടങ്ങിയവും ഒരുക്കുന്നുണ്ട്.

പത്രസമ്മേളനത്തിൽ ഇ.എസ്.ജി. വൈസ് ചെയർമാനും കൊങ്കണി സിനിമാസംവിധായകനുമായ രാജേന്ദ്ര തലാക്ക്, എക്‌സിക്യുട്ടീവ് അംഗങ്ങളായ സച്ചിൻ ചാത്തേ, ശിവ നായിക്ക് എന്നിവർ പങ്കെടുത്തു.