കൊച്ചി: വിപണിയിലെത്തുന്ന മരുന്നിന് നിലവാരമില്ലെങ്കിൽ നിർമാതാവിനെമാത്രം പഴിചാരി രക്ഷപ്പെടാമെന്ന് വ്യാമോഹിക്കേണ്ട. വിതരണക്കാർക്കും കൃത്യമായ ഉത്തരവാദിത്വം ഏൽപ്പിക്കുംവിധം നിയമത്തിൽ മാറ്റംവരുന്നു. ഇതോടെ എവിടെയെങ്കിലും നിർമിച്ച് വിതരണംചെയ്യുന്ന ‘ചാത്തൻ’ മരുന്നുകൾക്കുമേൽ പിടിവീഴുമെന്നാണ് പ്രതീക്ഷ.

നിലവിലെ നിയമപ്രകാരം മരുന്നുകളുടെ ഗുണനിലവാരമടക്കമുള്ള എല്ലാ കുഴപ്പങ്ങൾക്കും നിർമാതാക്കൾക്കായിരുന്നു ഉത്തരവാദിത്വം. തീരെ ചെറുകിടസ്ഥാപനങ്ങൾപോലും ഔഷധനിർമാണത്തിൽ സക്രിയമാണ്. ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ കുടിൽവ്യവസായം പോലെയാണ് മരുന്നുനിർമാണം. ഇത്തരം കേന്ദ്രങ്ങൾക്ക് സ്ഥിരതയുണ്ടാകില്ല. വിലാസവും ഉടമകളുമൊക്കെ ഇടയ്ക്കിടെ മാറും. ഔഷധപരിശോധനയുടെ തുടർനടപടികൾ ഇത്തരം കേന്ദ്രങ്ങളിൽ സാധ്യമാകാറുമില്ല. ഇത് വലിയ പരാധീനതയായതോടെയാണ് നിയമഭേദഗതിയെപ്പറ്റി ആലോചന തുടങ്ങിയത്.

മറ്റൊരാളുണ്ടാക്കിയ മരുന്ന് വിൽപ്പനയ്ക്കും വിതരണത്തിനുമായി ഉഭയകക്ഷി കരാർപ്രകാരം ഏറ്റെടുക്കുന്നയാളാണ് വിതരണക്കാർ എന്നതിന്റെ നിർവചനം. വിതരണവുമായി ബന്ധപ്പെട്ട് നിർമാതാവും വിതരണക്കാരും തമ്മിൽ കരാർ നിർബന്ധമാണ്. മരുന്നിന്റെ നിലവാരം, നിയമപരമായ ബാധ്യത എന്നിവയിൽ നിർമാതാക്കളോടൊപ്പം വിതരണക്കാരും ഉത്തരവാദിയായിരിക്കുമെന്ന് പുതിയ നിയമം പറയുന്നു. മരുന്നിന്റെ ലേബലിൽ വിതരണക്കാരന്റെ കൃത്യമായ വിലാസവും വിവരങ്ങളും രേഖപ്പെടുത്തണം. കുറ്റംതെളിയിക്കപ്പെട്ടാൽ മൂന്നുമുതൽ അഞ്ചുവർഷംവരെ തടവിനും വ്യവസ്ഥയുണ്ട്

ഇന്ത്യയിൽ പല ചെറുകിട മരുന്നുനിർമാതാക്കളുടെ പക്കൽനിന്ന്‌ മരുന്നുകൾ ഏറ്റെടുത്ത് വിതരണംചെയ്യുന്ന പതിവ് ബഹുരാഷ്ട്രകമ്പനികൾക്ക് പോലുമുണ്ട്. പുതിയനിയമം വൻകിട, ചെറുകിട കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് വ്യവസായലോകം പങ്കുവെക്കുന്നത്. 2021 മാർച്ച് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും.

പ്രയോജനകരം

നിർമാതാക്കളിൽനിന്ന് വ്യത്യസ്തരായി വിതരണക്കാർ വരുന്നത് ഔഷധഗുണപരിശോധനയെ പലപ്പോഴും ബാധിച്ചിരുന്നു. വിതരണക്കാർക്കും ഉത്തരവാദിത്വംവരുന്നതോടെ ഇതിന് മാറ്റമുണ്ടാകും. തുടർനടപടികൾ പൂർണമാകുന്നത് തീർത്തും പ്രയോജനകരമാണ്. രവി എസ്. മേനോൻ, സംസ്ഥാന ഡ്രഗ്സ് കൺട്രോളർ.

Content Highlights: If the medicines are bad, the supplier must have responsibility