കൊച്ചി: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരൻ തന്പിയുടെ പാട്ടിൽനിന്നുള്ള ഭാഗങ്ങൾ വിധിന്യായത്തിൽ ഉൾപ്പെടുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്നത് ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിയുള്ള ഉത്തരവിലാണിത്.

ഹർജിക്കാരെയും ഭൂമിയേറ്റെടുക്കുന്ന അധികാരിയെയും വിധിയെഴുതിയ ജഡ്ജിയെയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എപ്പോഴും നമ്മുടെയൊപ്പം ഉണ്ടാകുമെന്നും വിധിന്യായത്തിലുണ്ട്. അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിൽ വീടോ ക്ഷേത്രമോ പള്ളിയോ ശ്മശാനമോ ഉണ്ടെന്നപേരിൽ സ്ഥലം ഏറ്റെടുപ്പ് ഉപേക്ഷിക്കണമെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊല്ലം ഉമയനെല്ലൂർ സ്വദേശികളായ ബാലകൃഷ്ണപിള്ള, എം. ലളിതകുമാരി, എം. ശ്രീലത തുടങ്ങിയവരാണ് ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. നിലവിലെ അലൈൻമെന്റ് പ്രകാരം ഭൂമിയേറ്റെടുത്താൽ രണ്ടുപള്ളികളും രണ്ടുക്ഷേത്രങ്ങളുമടക്കം നഷ്ടമാകുമെന്ന ആരോപണമാണ് ഹർജിക്കാർ ഉന്നയിച്ചത്.

വളവ്, പള്ളി, ക്ഷേത്രം, സ്കൂൾ എന്നിവയുടെ പേരിൽ ഇടപെട്ടാൽ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാനാകില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ആവശ്യത്തിന് വീതിയുള്ള നേർരേഖയിലുള്ള ദേശീയപാത അനിവാര്യമാണ്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ ജനങ്ങൾ അവഗണിക്കണം. 2013-ലെ ഭൂമിയേറ്റെടുക്കൽ നഷ്ടപരിഹാരനിയമം അടക്കമുള്ളവ ഭൂമിനഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.

സംസ്ഥാനസർക്കാരിന്റെ നിർദേശം മറികടന്നാണ് ദേശീയപാതാ അതോറിറ്റി ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ, ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ദേശീയപാതാ അതോറിറ്റിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത് കോടതി എടുത്തുപറഞ്ഞു.