ചെറുതോണി(ഇടുക്കി): ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍. ജലനിരപ്പ് 31 അടികൂടി താഴ്ന്നാല്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിലയ്ക്കും.

പരമാവധി 28 ദിവസംകൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളംമാത്രമാണ് അണക്കെട്ടിലുള്ളത്. ബുധനാഴ്ചത്തെ ജലനിരപ്പ് 2312.32 അടിയാണ്.

ഇതിനുമുമ്പ് ജലനിരപ്പ് ഇതിലധികം താഴ്ന്നത് 1976-ലും 1996-ലുമാണ്. 1976-ല്‍ 2311.82 അടിയും 1996-ല്‍ 2311.92 അടിയും.

2280 അടിയില്‍ താഴെപ്പോയാല്‍ ജലനിരപ്പ് മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളംകൊണ്ടുപോകുന്ന ടണലിന് താഴെയാകും. ഇതോടെ വൈദ്യുതി ഉത്പാദനം നിര്‍ത്തേണ്ടിവരും.

സംസ്ഥാനത്തെ വൈദ്യുതിയുപഭോഗം വര്‍ധിച്ചതിനാല്‍ നിലവില്‍ ദിവസം എട്ട് ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് ഇടുക്കിയില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്. ജലനിരപ്പ് കുറവായതിനാല്‍ വൈദ്യുതിയുത്പാദനം കുറച്ച് ജലനിരപ്പ് നിലനിര്‍ത്തുകയാണ്.

സംസ്ഥാനത്ത് ചൊവ്വാഴ്ചത്തെ മൊത്തം വൈദ്യുതിയുപഭോഗം 77.579 ദശലക്ഷം യൂണിറ്റാണ്. എല്ലാ വൈദ്യുതി പദ്ധതിയില്‍നിന്നുമായി ഉത്പാദിപ്പിച്ചത് 15.2412 ദശലക്ഷം യൂണിറ്റും. ഇതില്‍ ഇടുക്കിയിലെ ഉത്പാദനം 7.2068 ദശലക്ഷം യൂണിറ്റ്. 62.3378 ദശലക്ഷം യൂണിറ്റ് വൈദ്യുതി മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി.

ജൂണില്‍ മഴയെത്തിയാലും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പുയരാന്‍ 15 ദിവസമെങ്കിലും കഴിയും. മഴ ദുര്‍ബലമാണെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നു.