ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 51.47 ശതമാനത്തിലെത്തി. വെള്ളിയാഴ്ചത്തെ ജലനിരപ്പ് 2334.94 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസത്തെക്കാൾ 19 അടി വെള്ളം ഈവർഷം കൂടുതലുണ്ട്. 2018-ലെ പ്രളയത്തിനുശേഷം അണക്കെട്ടുകളിൽ ഓരോമാസം വെള്ളം സംഭരിച്ചുനിർത്താനുള്ള പരിധി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

ഇതുപ്രകാരം ജൂലായ് 31-ന് ഇടുക്കി അണക്കെട്ടിൽ സംഭരിക്കാനുള്ള വൈള്ളത്തിന്റെ അളവ് 2380.58 അടിയാണ്. എന്നാൽ, ഈ അളവിൽ ജലനിരപ്പ് എത്താൻ 45.64 അടികൂടി ഉയരണം. മൺസൂൺ ആരംഭമായ ജൂൺ ഒന്നുമുതൽ ജൂലായ് 31 വരെ ഈവർഷം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 913.8 മില്ലീമീറ്റർ മഴ ലഭിച്ചു.

കഴിഞ്ഞവർഷം ഇതേകാലയളവിൽ ലഭിച്ചതിനെക്കാൾ 63.8 മില്ലീമീററർ മഴ കൂടുതൽ ലഭിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച 13.80 മില്ലീമീറ്റർ മഴ പെയ്തു. അണക്കെട്ടിലേക്ക്‌ 8.425 എം.സി.എം. വെള്ളം ഒഴുകിയെത്തി. മൂലമറ്റം പവർഹൗസിൽനിന്ന് 3.084 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിച്ചതിലൂടെ 2.1154 എം.സി.എം. വെള്ളം ഉപയോഗിച്ചു.

content highlights: idukki dam water level