ചെറുതോണി(ഇടുക്കി): ഇടുക്കി അണക്കെട്ട് നിർമിച്ച കാലത്ത് വൈദ്യുതിവകുപ്പ് പണം സൂക്ഷിച്ചിരുന്ന കൂറ്റൻ ഉരുക്കുപെട്ടിയും അന്ന് വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിച്ച ഉപകരണവും റവന്യൂ ഉദ്യോഗസ്ഥർ അനധികൃതമായി വിറ്റു. വൈദ്യുതി വകുപ്പ്, ഇടുക്കി താലൂക്ക് ഓഫീസിന് വിട്ടു നൽകിയ വാഴത്തോപ്പിലെ കെട്ടിടത്തിലിരുന്ന പെട്ടിയും വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണവുമാണ് ആക്രിക്കടയിൽ എത്തിയത്. ഈ കെട്ടിടത്തിൽ നവീകരണം നടക്കുന്നതിനാൽ താലൂക്ക് ഓഫീസ് മറ്റൊരിടത്തേക്ക്‌ മാറ്റിയ സമയത്താണ് പെട്ടിയും ഉപകരണവും തട്ടിയെടുത്തത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. തഹസിൽദാരുടെ േനതൃത്വത്തിലാണ് ഉദ്യോഗസ്ഥർ ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മൂവായിരം കിലോയോളം ഭാരമുള്ള ഇവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വാഹനത്തിൽ‌ കയറ്റിയത്. കട്ടിയുള്ള ഉരുക്കുപാളികൊണ്ടാണ് പെട്ടി നിർമിച്ചിട്ടുള്ളത്.

ചരിത്രമുറങ്ങുന്ന പെട്ടി

ഇടുക്കി അണക്കെട്ട് നിർമാണഘട്ടത്തിൽ വാഴത്തോപ്പിലെ ഓഫീസിൽ പണം സൂക്ഷിച്ചിരുന്നത് ഈ പെട്ടിയിലായിരുന്നു. നിർമാണശേഷം ലോവർ പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിനുവേണ്ടിയും ഈ ഓഫീസ് പ്രവർത്തിച്ചു. പെട്ടിയും ഇവിടെ ഇരുന്നു. ലോവർ പെരിയാർ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കിയതോടെ ഈ ഓഫീസ് അടച്ചു.കെ.എസ്.ഇ.ബി. 2012-ലാണ് താലൂക്ക് ഓഫീസിനുവേണ്ടി ഈ കെട്ടിടം റവന്യൂ വകുപ്പിന് കൈമാറിയത്. കെട്ടിടം കൈമാറിയെങ്കിലും ഉരുക്ക് അലമാരകളും പെട്ടിയും മറ്റും ഇവിടെത്തന്നെ സൂക്ഷിച്ചു.കെട്ടിടം പുതുക്കിപ്പണിയാൻ താലൂക്ക് ഓഫീസ് താത്‌കാലികമായി ചെറുതോണി ടൗൺ ഹാളിലേക്ക്‌ മാറ്റിയിരുന്നു. ഈ സന്ദർഭത്തിലാണ് ലക്ഷങ്ങൾ വിലവരുന്ന വൈദ്യുതി ബോർഡിന്റെ ഉരുക്ക് സാധനങ്ങളും ഉപകരണങ്ങളും റവന്യൂ ഉദ്യോഗസ്ഥർ ആക്രിക്കടയിൽ വിറ്റ് കാശാക്കിയത്. ഉപയോഗശൂന്യമായതും പഴക്കം ചെന്നതുമായ സർക്കാർ മുതലുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണക്കെടുത്ത് പരസ്യപ്പെടുത്തി ലേലം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ, സർക്കാർമുതൽ വിറ്റാൽ നിയമലംഘനമാണെന്ന് ഇടുക്കി ആർ.ഡി.ഒ. അതുൽ സ്വാമിനാഥ് പറഞ്ഞു.

Content Highlights: idukki dam-steel box-steal