മാങ്കുളം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടി പിന്നിട്ടതോടെ ഏതുസമയവും ഓറഞ്ച് ജാഗ്രത പുറപ്പെടുവിക്കാൻ സാധ്യത. ഒറ്റദിവസംകൊണ്ട് കൂടിയത് മൂന്നടി വെള്ളം. ശനിയാഴ്ച 16.8 സെന്റിമീറ്റർ മഴയാണ് പെയ്തത്.

112.7 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റ ദിവസത്തിൽ ഒഴുകിയെത്തിയത്. രണ്ടടികൂടിയാൽ ഇപ്പോഴത്തെ റൂൾ കർവ് പ്രകാരം ഡാം തുറക്കേണ്ടിവരും. വൈദ്യുതിയുത്പാദനം കൂട്ടി, ഡാം തുറക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.

ശനിയാഴ്ച വൈകുന്നേരം 2392.8 അടിയായിരുന്നു. ആകെ ശേഷിയുടെ 86 ശതമാനം. ഇപ്പോൾ 91 ശതമാനമായി. ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് 2396.8 അടിയിൽ ഓറഞ്ച് ജാഗ്രതയും 2397.8 അടിയിൽ ചുവപ്പുജാഗ്രതയും പുറപ്പെടുവിക്കണം. ജലനിരപ്പ് 2396 അടി കഴിഞ്ഞതോടെ തിങ്കളാഴ്ച ഓറഞ്ച് ജാഗ്രത ഉണ്ടായേക്കും.

ഒരു ജനറേറ്റർ ഓഫായതിനാൽ 15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ പരമാവധി ശേഷി. ഇതുപ്രകാരം ഏഴുദിവസത്തെ വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് കിട്ടിയത്. മലങ്കര ഡാം തുറന്നതിനാൽ ശനിയാഴ്ച രാത്രി പരമാവധി ഉത്പാദനം നടന്നില്ല. 7.2 ദശലക്ഷം യൂണിറ്റാണ് ഉത്‌പാദിപ്പിച്ചത്. ഞായറാഴ്ച രാവിലെ മുതൽ ഉത്പാദനം 15 ദശലക്ഷം യൂണിറ്റാക്കി.