ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ ആറുമണിക്കൂറിനുള്ളിൽ ജലനിരപ്പ് നാലടി ഉയർന്നു. വെള്ളിയാഴ്ച രാവിലെ ഏഴിന് ജലനിരപ്പ് 2329.64 അടിയായിരുന്നത് ഉച്ചയ്ക്ക് ഒരു മണിയായപ്പോൾ 2333.12 അടിയായി.

ഈ മാസം ആറിനു രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 2316.64 അടിയായിരുന്നു. പിന്നീടുള്ള മൂന്നു ദിവസംകൊണ്ട് 17 അടി വെള്ളമുയർന്നു. ഏഴിന് രണ്ടടിയും എട്ടിന് ആറടിയും ഉയർന്നു. ഒൻപതിനു രാവിലെ ഏഴുവരെ അഞ്ചടിയും ഉച്ചയ്ക്ക് ഒന്നിന് നാലടി വെള്ളവുമാണ് ഉയർന്നത്. ആറുമുതൽ എട്ടുവരെ തീയതികളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 376 മില്ലീമീറ്റർ മഴപെയ്തു.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഒമ്പതിന് ജലനിരപ്പ് 2398.40 അടിയായി ഉയർന്നതോടെ മൂന്നാം നമ്പർ ഷട്ടർ തുറന്ന് സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്‌ ഒഴുക്കിത്തുടങ്ങിയിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

Content Highlights: Idukki dam has got four feet of water in six hours